‘ഇസ്ലാമിലെ സ്ത്രീ’ അന്താരാഷ്ട്ര സമ്മേളനം; സൗദി വനിതകൾ വികസനത്തിന്റെ പങ്കാളികൾ -വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: സൗദി വനിതകൾ രാജ്യത്തിന്റെ വികസനത്തിൽ അനിവാര്യ പങ്കാളികളാണെന്നും തൊഴിൽ ശക്തിയിൽ അവരുടെ പങ്കാളിത്തം 37 ശതമാനമാണെന്നും വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ.
ജിദ്ദയിൽ ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മ (ഒ.ഐ.സി) സംഘടിപ്പിച്ച ‘ഇസ്ലാമിലെ സ്ത്രീ’ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ‘വിഷൻ 2030’ന്റെ വെളിച്ചത്തിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ രാജ്യം ദ്രുതഗതിയിലുള്ള നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിവിധ മേഖലകളിലെ പരിവർത്തനത്തിന്റെയും വികസനത്തിന്റെയും വളർച്ചയുടെയും പ്രക്രിയയിൽ സ്ത്രീ ശക്തി ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുകയാണ്. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, വേതനം എന്നിവയിൽ അവർക്കെതിരായ വിവേചനം തടയുന്നതിനുമായി ഇസ്ലാമിക ശരീഅത്തിൽ നിന്ന് ഉരുത്തിരിഞ്ഞ നിയമനിർമാണങ്ങളും തീരുമാനങ്ങളും സൗദി നടപ്പാക്കിയിട്ടുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ സൗദി സ്ത്രീകളുടെ ഉടമസ്ഥാവകാശം 45 ശതമാനത്തിലെത്തി. ഇസ്ലാമിക അധ്യാപനങ്ങളും മൂല്യങ്ങളും മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയാണ് ഇത്.
അക്രമം, ദാരിദ്ര്യം, ഭയം, പാർശ്വവത്കരണം, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അഭാവം തുടങ്ങിയ യുദ്ധത്തിന്റെയും സായുധ സംഘട്ടനത്തിന്റെയും മേഖലകളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളിൽനിന്ന് അവരെ സംരക്ഷിക്കാൻ ശക്തമായ പ്രവർത്തനം ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഗസ്സയിൽ ഫലസ്തീൻ സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങളുടെ വെളിച്ചത്തിലും അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക തത്ത്വങ്ങളും ലംഘിച്ച് ഇസ്രായേൽ തുടരുന്ന ആക്രമണവും രക്തച്ചൊരിച്ചിലും തടയുന്നതിനും അടിയന്തിര മാനുഷിക സഹായം എത്തിക്കുന്നതിന് ഉടനടി പരിഹാരം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിെൻറ പങ്കും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തിന്റെയും പരാജയത്തിന്റെയും വെളിച്ചത്തിലാണ് ഇങ്ങനെയൊരു സമ്മേളനത്തിൽ നാം ഒരുമിച്ച് കൂടിയിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. ഫലസ്തീൻ ജനതക്കും പ്രത്യേകിച്ച് സ്ത്രീകൾക്കുമെതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതവും നിയമവിരുദ്ധവും അവകാശ ലംഘനങ്ങളെയും കുറ്റകൃത്യങ്ങളെയും വിദേശകാര്യ മന്ത്രി ശക്തമായി അപലപിച്ചു. ഫലസ്തീനിയൻ സ്ത്രീകളുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. അത് നിർണായകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അവരുടെ ന്യായത്തിന് വേണ്ടിയുള്ള മഹത്തായ ത്യാഗങ്ങളാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രസംഗത്തിന്റെ സമാപനത്തിൽ ‘ഇസ്ലാമിലെ സ്ത്രീകൾക്കുള്ള ജിദ്ദ രേഖ’ എന്ന സമ്മേളനത്തിന്റെ ഔദ്യോഗിക രേഖ വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.
മുസ്ലിം സ്ത്രീകളുടെ വിജയങ്ങളും വികസനത്തിൽ അവരുടെ പങ്കും സംഭാവനകളും ഉയർത്തിക്കാട്ടുക, ഇസ്ലാമിലെ സ്ത്രീകളുടെ അവകാശങ്ങളിൽനിന്ന് വ്യതിചലിക്കുന്ന സംശയങ്ങളോടും തെറ്റിദ്ധാരണകളോടും പ്രതികരിക്കുക, ഇസ്ലാമിക പാഠങ്ങൾ എല്ലായ്പോഴും സ്ത്രീകളോട് നീതി പുലർത്തുന്നുവെന്ന് ഊന്നിപ്പറയുക എന്നിവ ലക്ഷ്യമിട്ടാണ് ഒ.െഎ.സി ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചത്.
മന്ത്രിമാരും പണ്ഡിതന്മാരും ചിന്തകരും പെങ്കടുക്കുന്ന മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിൽ അഞ്ച് സെഷനുകളിലായി ഇസ്ലാമിലെ സ്ത്രീകളുടെ സ്ഥാനം, അവരുടെ അവകാശങ്ങൾ, സമകാലിക സമൂഹങ്ങളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, വിദ്യാഭ്യാസത്തിലും ജോലിയിലും മുസ്ലിം സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള സാധ്യതകൾ എന്നിവ ചർച്ച ചെയ്യും.ഇന്തോനേഷ്യ വിദേശകാര്യ മന്ത്രി റെത്നോ മർസുദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദ് തുടങ്ങിയവർ സമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.