സൗദിയിൽ ഇനിമുതൽ വനിത ജഡ്ജിമാരും; നിയമനം ഉടൻ
text_fieldsദമ്മാം: സൗദി അറേബ്യ വനിതകളെ ജഡ്ജിമാരായി നിയമിക്കുന്നു. സ്ത്രീശാക്തീകരണത്തിെൻറ ഭാഗമായി വനിതകളെ ജഡ്ജിമാരായി നിയമിക്കാൻ ഒരുങ്ങുന്നതായി മാനവ വിഭവശേഷി സാമൂഹിക- വികസന മന്ത്രാലയത്തിലെ സ്ത്രീശാക്തീകരണ വിഭാഗം അണ്ടർ സെക്രട്ടറി ഹിന്ദ് അൽസാഹിദാണ് അറിയിച്ചത്. നിയമ- നീതിന്യായ നിർവഹണ വിഭാഗത്തിൽ മികച്ച പരിശീലനം സിദ്ധിച്ച വനിതകളെയാണ് നിയമിക്കുന്നത്. ഈയടുത്ത് നീതിവകുപ്പ് മന്ത്രി വലീദ് അൽസമാനിയും 100ഓളം വനിത നോട്ടറി ഉദ്യോഗസ്ഥകളെ നീതിന്യായ നിർവഹണ വിഭാഗത്തിൽ നിയമിക്കാൻ നിർദേശം നൽകിയിരുന്നു. നിയമനിർമാണം, നീതിന്യായം, കാര്യനിർവഹണം, സാമൂഹിക-സാംസ്കാരികം, സാങ്കേതികം തുടങ്ങി വിവിധ വകുപ്പുകളിൽ വനിതകളെ നിയമിച്ചിരുന്നു. വിവിധ മേഖലകളിലെ സ്ത്രീശാക്തീകരണം ഊർജിതമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതടക്കമുള്ള നിരവധി പദ്ധതികൾ മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കിവരുകയാണെന്നും ഹിന്ദ് അൽസാഹിദ് പറഞ്ഞു.
നിയമകാര്യ വകുപ്പിന് കീഴിൽ കൂടുതൽ മികച്ച സേവനങ്ങൾ ചെയ്യാൻ വനിതകൾക്ക് സാധിക്കുമെന്ന് അവർ പ്രത്യാശിച്ചു. 2025ൽ തൊഴിൽ മേഖലയിൽ 25 ശതമാനത്തോളം വനിതകൾ ഉണ്ടാവുമെന്ന ലക്ഷ്യം ഇപ്പോൾ മറികടന്നിട്ടുണ്ട്. നിലവിൽ സൗദിയിലെ വിവിധ സ്വകാര്യ -പൊതുതൊഴിൽ മേഖലകളിലായി 31 ശതമാനത്തോളം വനിതകളാണ് ജോലി ചെയ്യുന്നത്. വിവിധ മന്ത്രാലയങ്ങളിലെ നേതൃതലങ്ങളിലും കൂടുതൽ വനിതകളെ നിയമിക്കും. വിദ്യാഭ്യാസ, -ആരോഗ്യ മന്ത്രാലയങ്ങളിലാണ് നിലവിൽ കൂടുതൽ വനിതകൾ ജോലി ചെയ്യുന്നത്. നേരത്തേ തന്നെ കൃത്യമായ ആസൂത്രണങ്ങളോടെ സ്ത്രീശാക്തീകരണം നടപ്പാക്കിയ മന്ത്രാലയങ്ങളാണത്.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച വിഷൻ 2030െൻറ ചുവടുപിടിച്ച് വിവിധ തലങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നീക്കങ്ങളാണ് വിവിധ മന്ത്രാലയങ്ങളിൽ നടക്കുന്നത്. നേരത്തേ സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീപ്രവേശനം അനുവദിച്ചും ശൂറ കൗൺസിൽ അടക്കമുള്ള ജനപ്രാതിനിധ്യ സഭകളിൽ പ്രാതിനിധ്യം കൂട്ടിയും വനിത ശാക്തീകരണ പദ്ധതികൾ ത്വരിതപ്പെടുത്തിയിരുന്നു.
2018 ജൂൺ 24ന് വനിതകൾക്ക് ഡ്രൈവിങ് ലൈസൻസിന് അനുമതി നൽകിയതോടെ ഒന്നേകാൽ ലക്ഷത്തിലേറെ വനിതകളാണ് ഒരു വർഷത്തിനിടെ ലൈസൻസ് നേടിയത്. സ്ത്രീകളുടെ സർവതോമുഖ ഉന്നമനം ലക്ഷ്യംവെച്ച് സൗദി അറേബ്യ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.