മക്ക മസ്ജിദുൽ ഹറാമിൽ വനിത പൊലീസുകാരുടെ സേവനം തുടങ്ങി
text_fieldsമക്ക: ഉംറക്കും നമസ്കാരത്തിനുമായി മക്ക മസ്ജിദുൽ ഹറാമിലെത്തുന്ന വനിതകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇതാദ്യമായി മക്കയിൽ വനിത പൊലീസുകാരുടെ സേവനം ആരംഭിച്ചു. ഹജ്ജ്, ഉംറ സുരക്ഷ സേനക്കു കീഴിൽ 80 വനിത പൊലീസുകാരാണ് ഹറമിൽ സേവനമനുഷ്ഠിക്കുന്നത്. ഹറമിെൻറ കവാടങ്ങളിലും തീർഥാടകർക്കിടയിലും ഇവർ സുരക്ഷ ക്രമീകരണ, ആൾക്കൂട്ട നിയന്ത്രണ മേഖലകളിൽ സേവനമനുഷ്ഠിക്കും. പ്രത്യേകം പരിശീലനം നൽകിയാണ് വനിത പൊലീസുകാരെ നിയമിച്ചിരിക്കുന്നത്.
ഹറമിെൻറ എല്ലാ ഭാഗങ്ങളും ഇവർ നിരീക്ഷിക്കും. സുരക്ഷ മേഖലകൾ അടക്കം വ്യത്യസ്ത സർക്കാർ, സ്വകാര്യ മേഖലകളിൽ വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങൾക്കും നിയമ നിർമാണങ്ങൾക്കും പിന്നാലെയാണ് വനിത ശാക്തീകരണ മേഖലയിൽ പുതിയ ചുവടുവെപ്പുകൾ രാജ്യം നടത്തിയത്.
വനിത തീർഥാടകരെയും വിശ്വാസിനികളെയും സഹായിക്കൽ, പള്ളിക്കകത്തും മതാഫിലും ആൾക്കൂട്ട നിയന്ത്രണം തുടങ്ങിയവയാണ് തങ്ങളുടെ ചുമതലകളെന്ന് വനിത പൊലീസ് ഉദ്യോഗസ്ഥ ഗൈദ ബകർ പറഞ്ഞു. സുരക്ഷ മേഖലയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ വനിതകൾ വലിയ തോതിൽ മുന്നോട്ടുവരേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
റിയാദിലെ പൊലീസ് ട്രെയ്നിങ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് തന്നെ ഹജ്ജ്, ഉംറ സുരക്ഷ സേനയുടെ ഭാഗമായി ഹറമിൽ നിയമിച്ചതെന്ന് മറ്റൊരു പൊലീസുകാരി മുന അൽസഹ്റാനി പറഞ്ഞു. ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ അടക്കമുള്ള പ്രതിരോധ മുൻകരുതൽ നടപടികൾ തീർഥാടകരും വിശ്വാസികളും പാലിക്കുന്നുണ്ടെന്ന് തങ്ങൾ ഉറപ്പുവരുത്തുകയും നിയമ ലംഘകർക്ക് പിഴചുമത്തുന്നതായും പൊലീസ് ഉദ്യോഗസ്ഥ ഹദീൽ പറഞ്ഞു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.