ഗതാഗതമേഖലയിലും വനിതാശാക്തീകരണം
text_fieldsദമ്മാം: ടാക്സി മേഖലയിൽ ജോലിചെയ്യാനെത്തുന്ന സൗദി വനിതകളുടെ എണ്ണത്തിൽ വൻ വർധന. തുടക്കത്തിലുണ്ടായിരുന്ന 600 വനിത ഡ്രൈവറുടെ എണ്ണം ഇപ്പോൾ 3900 ആയാണ് വർധിച്ചത്. ശ്രദ്ധയോടെയുള്ള ൈഡ്രവിങ്ങും മാന്യമായ പെരുമാറ്റവും കുറഞ്ഞ ടാക്സി നിരക്കും വനിതകൾ ഒാടിക്കുന്ന ടാക്സികൾക്ക് സൗദിയിൽ വലിയ പ്രിയം നേടിക്കൊടുത്തു.
വനിത ഒാൺലൈൻ ടാക്സി ആപ്പായ റൈഡ്-ഹെയ്ലിങ്ങിലേക്ക് ദിനംപ്രതി കൂടുതൽ സ്ത്രീകൾ ഇൗ രംഗത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി സൗദി പൊതുഗതാഗത അതോറിറ്റി വക്താവ് സാലിഹ് അൽ സുവൈദ് പറഞ്ഞു.
വനിതാ ടാക്സികളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്താനും ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാനും അതോറിറ്റി കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ സെൻററുകളിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിന് സൗജന്യ നിരക്കിലുള്ള സേവനങ്ങളും ഏർപ്പെടുത്തിയിരുന്നു. കോവിഡിനെതിരായ വാക്സിനേഷൻ കാമ്പയിനിൽ ടാക്സി ഭീമന്മാൻ യൂബറിനേയും കടത്തിവെട്ടി റൈഡ്-ഹെയ്ലിങ് ടാക്സി കമ്പനി നിരക്കിൽ കിഴിവ് പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. റിയാദ്, ജിദ്ദ, അസീർ, ത്വാഇഫ് എന്നിവയുൾപ്പെടെ സൗദിയിലെ 19 നഗരങ്ങളിലെ 300ലധികം വാക്സിനേഷൻ സെൻററുകളിലേക്കും തിരിച്ചും കേവലം 50 റിയാലിന് യാത്രചെയ്യാം എന്നതായിരുന്നു റൈഡ് ഹെയിലിങ്ങിെൻറ വാഗ്ദാനം.
യാത്രക്കാരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റുന്ന ഡ്രൈവർമാർക്ക് പ്രത്യേക പാരിതോഷികങ്ങളും മന്ത്രാലയം നൽകുന്നുണ്ട്. മാനവ വിഭവശേഷി മന്ത്രാലയവും സാമൂഹിക വികസന മന്ത്രാലയവും ഇതിനായി പ്രത്യേക ഫണ്ട് തന്നെ നീക്കിവെച്ചിട്ടുണ്ട്.
നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് ദീർഘദൂര യാത്രകൾക്കും വനിതാ ടാക്സികൾ ലഭ്യമാണ്. രാജ്യത്ത് 21 ലൈസൻസ്ഡ് റൈഡ്-ഹെയ്ലിങ് ആപ്ലിക്കേഷനുകളിലൂടെ ഈ വർഷം ആഗസ്റ്റ് വരെ, ഏകദേശം 21 ദശലക്ഷം ട്രിപ്പുകൾ നടത്തിയതായി കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
100 ശതമാനം പ്രാദേശികവത്കരിക്കപ്പെട്ടതും പൊതുഗതാഗത അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ളതുമായ ടാക്സി സർവിസുകളാണിതെന്നും സാലിഹ് അൽ സൂവൈദ് പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകൾക്കൊടുവിൽ സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അനുമതി ലഭ്യമായതോടെ സ്ത്രീ ശാക്തീകരണരംഗത്ത് വിവരണാതീതമായ കുതിച്ചുചാട്ടമാണുണ്ടായത്.
കേവലം വാഹനമോടിക്കുക എന്നതിലുപരി നിരവധി മേഖലകളിൽ സ്ത്രീകൾക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരംകൂടിയാണ് ഇതിലൂടെ കൈവന്നത്. ജോലിസ്ഥലങ്ങളിലേക്കും ആവശ്യമുള്ള മറ്റിടങ്ങളിലേക്കും സ്വയം വാഹനമോടിച്ചെത്താമെന്ന സൗകര്യം സ്ത്രീകളെ കൂടുതൽ സ്വതന്ത്രരും കരുത്തുള്ളവരുമാക്കി മാറ്റുകയായിരുന്നു. അതേസമയം, സ്വകാര്യ ടാക്സികളും ഹൗസ് ൈഡ്രവർ തസ്തികകളും സൗദിയിൽ ക്രമേണ ഇല്ലാതാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.