സ്ത്രീശാക്തീകരണത്തിെൻറ പാതയിൽ സൗദി വിമാനത്താവളങ്ങളും തുറമുഖങ്ങളും
text_fieldsറിയാദ്: സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും പരിഗണനയും നൽകി സൗദി അറേബ്യ സൃഷ്ടിക്കുന്ന പുതിയ വിപ്ലവത്തിൽ പങ്കുചേർന്ന് രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും കരയിലെ അതിർത്തി പോസ്റ്റുകളും. സ്ത്രീശാക്തീകരണത്തിെൻറ പാതയിൽ മുന്നേറ്റത്തിനൊരുങ്ങുകയാണ് ഇവ. അടുത്ത വർഷത്തോടെ എമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ 70 ശതമാനവും വനിതകളായി മാറും. സൈനിക റാങ്കിലുള്ള എമിഗ്രേഷൻ ഒാഫിസർ തസ്തികകളിലേക്ക് 760 വനിതകളെ റിക്രൂട്ട് ചെയ്ത് അവർക്ക് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. റിയാദ്, മക്ക, മദീന, ദമ്മാം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പരിശീലനം പൂർത്തിയാക്കുന്ന ഇവരെ മുഴുവൻ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കരയിലെ അതിർത്തി പോസ്റ്റുകളിലും എമിഗ്രേഷൻ ഉദ്യോഗസ്ഥരായി നിയമിക്കും. യാത്രക്കാരുടെ പാസ്പോർട്ടുകൾ പരിശോധിച്ച് എൻട്രിയും എക്സിറ്റും അനുവദിക്കുന്നതിന് അധികാരമുള്ള ഉദ്യോഗസ്ഥരായി വനിതകൾ പോർട്ടുകളിലെ എമിഗ്രേഷൻ കൗണ്ടറുകളിൽ നിറയും. അതിന് അവരെ പ്രാപ്തരാക്കാൻ സഹായിക്കുന്ന പ്രത്യേക പരിശീലനമാണ് നൽകുന്നതെന്ന് ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) പരിശീലന വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. സാലഹ് ബിൻ സഅദ് അൽമെർബ പറഞ്ഞു.
കര, കടൽ, വായു മാർഗങ്ങളിലെ രാജ്യത്തിെൻറ മുഴുവൻ കവാടങ്ങളിലും ഏറ്റവും കൂടുതൽ വനിത ഉദ്യോഗസ്ഥരെ നിയമിച്ച രാജ്യം എന്ന അഭിമാനം താമസിയാതെ തങ്ങൾക്ക് സ്വന്തമാകുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കഴിവും പ്രാപ്തിയും വിനിയോഗിച്ച് വനിത ഉദ്യോഗസ്ഥർ കേവലം പാസ്പോർട്ട് വിഭാഗത്തെ മാത്രമല്ല രാജ്യത്തെതന്നെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും രാജ്യത്തേക്ക് കടന്നുവരുന്നവരെ ആദ്യം വരവേൽക്കുന്നതും തിരിച്ചുപോകുേമ്പാൾ രാജ്യത്തിന് വേണ്ടി ഗുഡ്ബൈ പറയുന്നതും അവരാണെന്നും ഡോ. സാലഹ് ബിൻ സഅദ് അൽമെർബ കൂട്ടിച്ചേർത്തു. പുരുഷന്മാരെപോലെതന്നെ തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ സ്ത്രീകൾക്കുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ആർക്കും തടയാനാവില്ല. രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഇൗ വർഷം മുതൽ സ്ത്രീശാക്തീകരണത്തിെൻറ കാര്യത്തിൽ വലിയ മാറ്റത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നതെന്നും അടുത്ത വർഷത്തോടെ 70 ശതമാനം ജീവനക്കാരും സ്ത്രീകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ രണ്ടാമത്തെ പരിശീലന പരിപാടിയാണ് നടക്കുന്നത്. ഇൗ വർഷം ആദ്യം റിക്രൂട്ട് ചെയ്ത 299 വനിതകൾ ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കി ചുമതലയേറ്റെടുത്തുകഴിഞ്ഞു. നിലവിൽ പരിശീലനത്തിലുള്ളവരിൽ 230 പേരെ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലും 250 പേരെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലും 141 പേരെ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലും 163 പേരെ ദമ്മാമിനെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലും എമിഗ്രേഷൻ വിഭാഗത്തിൽ നിയമിച്ചിരിക്കുകയാണ്. പരിശീലനം പൂർത്തിയാകുന്ന മുറക്ക് സ്ഥിരനിയമനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.