വനിത ദിനാചരണവും സക്കീന ഓമശ്ശേരിക്ക് ആദരവും
text_fieldsജിദ്ദ മലപ്പുറം സൗഹൃദവേദി കവയിത്രി സക്കീന ഓമശ്ശേരിയെ ആദരിച്ചപ്പോൾ. ഡോ. ഇന്ദുചന്ദ്രയും വനിതവിങ് സാരഥികളും ചേർന്ന് ഉപഹാരം നൽകുന്നു
ജിദ്ദ: കവയിത്രി സക്കീന ഓമശ്ശേരിയെ ജിദ്ദ മലപ്പുറം സൗഹൃദ വേദി വനിത വിങ് ആദരിച്ചു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് ഡോ. ഇന്ദു ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായ കുടുംബത്തിന് തന്നെയാണ് പുരോഗതിയുണ്ടാവുകയെന്നും ആത്മവിശ്വാസമാണ് മനുഷ്യനെ മുന്നോട്ടുനയിക്കുന്ന ശക്തിയെന്നും അവർ പറഞ്ഞു. നൂറുന്നീസ ബാവ അധ്യക്ഷത വഹിച്ചു. സലീന മുസാഫിർ അന്താരാഷ്ട്ര വനിതദിന സന്ദേശം വായിച്ചു. റുക്സാന മൂസ (തനിമ) മുഖ്യ പ്രഭാഷണം നടത്തി. അനുപമ ബിജുരാജ് (നവോദയ), റജിയ വീരാൻ (സാമൂഹിക പ്രവർത്തക) എന്നിവർ വനിതദിന പ്രഭാഷണം നടത്തി. 'മണലെഴുത്തുകൾ' എന്ന കവിത സമാഹാരം പ്രവാസി പ്രേക്ഷകർക്ക് സമ്മാനിച്ച കവയിത്രി സക്കീന ഓമശ്ശേരിക്ക് ഡോ. ഇന്ദുചന്ദ്രയും വനിതവിങ് സാരഥികളും ചേർന്ന് സ്നേഹാദരം നൽകി.
മുംതാസ് ബഷീർ പൊന്നാടയണിയിച്ചു. സക്കീന ഓമശ്ശേരിയുടെ രേഖാചിത്രം യു.എം. ഹുസൈനും സൗഹൃദവേദി ജിദ്ദ അംഗങ്ങളും ചേർന്ന് കൈമാറി. സ്വയം ഒരു കമ്പോളവസ്തു ആവാതെ ചൂഷണങ്ങൾക്കും അനീതികൾക്കുമെതിരെ ശക്തമായി പ്രതികരിക്കാൻ സ്ത്രീകൾക്ക് കഴിയണമെന്ന് സക്കീന ഓമശ്ശേരി പറഞ്ഞു. നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുങ്ങിക്കഴിയേണ്ടവരല്ല സ്ത്രീകളെന്നും സമൂഹത്തിന്റെ നാനാപ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് കഴിവുതെളിയിക്കേണ്ട സമയമാണെന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുവരാൻ ഓരോ സഹോദരിമാരും തയാറാവണമെന്നും മലപ്പുറം സൗഹൃദവേദി രക്ഷാധികാരി പി.കെ. കുഞ്ഞാൻ പറഞ്ഞു.
മുസാഫർ അഹമ്മദ് പാണക്കാട്, കമാൽ കളപ്പാടൻ, അഷ്ഫർ നരിപ്പറ്റ, ഹസ്സൻ കൊണ്ടോട്ടി, ഹാത്തിബ് മുഹമ്മദ്, ഫിർദൗസ് ഖാൻ, ഉണ്ണീൻ പിലാക്കൽ എന്നിവർ സംസാരിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ, ലത മങ്കേഷ്കർ, കെ.പി.എ.സി ലളിത എന്നിവർക്കുവേണ്ടി ചടങ്ങിൽ മൗന പ്രാർഥന നടത്തി. പൂജ പ്രേം, അഷിത ഷിബു എന്നിവർ സെമി ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചു.
മിർസ ശരീഫ്, നൂഹ് ബീമാപ്പള്ളി, നിയാസ് കോയ്മ, വി.പി. സക്കരിയ, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ, സിമി അബ്ദുൽ ഖാദർ, ഫാത്തിമ ഖാദർ എന്നിവർ ഗാനമാലപിച്ചു. ബഷീർ അഹമ്മദ് മച്ചിങ്ങൽ, പി.കെ. വീരാൻ ബാവ, കുഞ്ഞാൻ പൂക്കാട്ടിൽ, ഹാരിസ് കൊന്നൊല, ഹാത്തീബ് മുഹമ്മദ്, ഫിർദൗസ് ഖാൻ എന്നിവർ സമ്മാന വിതരണം നടത്തി. ഹഫ്സ മുസാഫർ അഹമ്മദ് സ്വാഗതവും നജ്മ ഹാരിസ് കൊന്നോല നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.