സ്ത്രീശാക്തീകരണ പരിഷ്കാരങ്ങൾ സൗദിയെ ഒന്നാമതെത്തിച്ചു –മുന അൽഗാംദി
text_fieldsജിദ്ദ: സൗദിയിൽ ഈയിടെ നടപ്പാക്കിയ സ്ത്രീശാക്തീകരണ പരിഷ്കാരങ്ങളും അതുവഴി സ്ത്രീകൾ വിവിധ രംഗങ്ങളിൽ വൻ മുന്നേറ്റം നടത്തിയതും ഈ മേഖലയിൽ 190 രാജ്യങ്ങളുടെ പട്ടികയിൽ രാജ്യത്തെ ഒന്നാമതെത്തിച്ചതായി ഐക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി മുന അൽഗാംദി പറഞ്ഞു. യു.എൻ എക്സിക്യൂട്ടിവ് കൗൺസിൽ ഓഫ് വുമൺ സംഘടിപ്പിച്ച പരിപാടിയിലെ ആദ്യ സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ ശാക്തീകരണം, സാമ്പത്തിക മുന്നേറ്റം, ലിംഗസമത്വം എന്നിവ ഈ പരിഷ്കാരങ്ങളിൽ മുൻപന്തിയിലാണ്.
കോവിഡിെൻറ ദുഷ്കരമായ അവസ്ഥയിലും ആഭ്യന്തര നിയന്ത്രണങ്ങൾക്കും നയങ്ങൾക്കും അനുസൃതമായി, സ്ത്രീകളെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ഫലപ്രദമായ പങ്കാളിയായി അവരെ ശാക്തീകരിക്കുന്നതിനും യു.എന്നിെൻറ ഫലപ്രദമായ പങ്കാളിയെന്ന നിലയിൽ രാജ്യത്തിെൻറ സമ്പൂർണ പ്രതിബദ്ധത അവർ ആവർത്തിച്ചു.
കോവിഡ് മഹാമാരി ജീവിതത്തിെൻറ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ച് വലിയ വെല്ലുവിളികൾ ഉണ്ടായിട്ടും, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളിലേക്കുള്ള വലിയ പരിഷ്കാരങ്ങൾക്കും പരിവർത്തനങ്ങൾക്കും രാജ്യം സാക്ഷ്യംവഹിക്കുകയാണെന്നും മുന പറഞ്ഞു.
സൗദി സ്ത്രീകളുടെ ഉന്നതേശ്രണിയിലേക്കുള്ള പ്രയാണം, ജോലിസ്ഥലം, സംരംഭകത്വം, പെൻഷൻ തുടങ്ങിയ മേഖലകളിൽ അവരെ ശാക്തീകരിക്കുന്നതിെൻറയും സമൂഹത്തിെൻറ പുരോഗതിയിലും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിലും അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിെൻറയും പ്രാധാന്യം അവർ എടുത്തുപറഞ്ഞു.
ലിംഗവിവേചനത്തിൽ നിന്നും ലൈംഗിക പീഡനങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനായുള്ള നിയമനിർമാണവും ക്രിമിനൽ ശിക്ഷാനടപടികളും നടപ്പാക്കിയിട്ടുണ്ട്. പൊതു- സ്വകാര്യ മേഖലകളിലെ ജോലിസ്ഥലത്തുള്ള ലൈംഗിക പീഡനം ക്രിമിനൽ കുറ്റമാക്കി കർശന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
തൊഴിൽ മേഖലകളിലെ ലിംഗ വിവേചനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുക, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിൽ നിന്ന് ലിംഗവിവേചനം ഒഴിവാക്കുക, ഗർഭാവസ്ഥയിലും പ്രസവാവധിയിലും സ്ത്രീകളെ ജോലിയിൽ നിന്നു പുറത്താക്കുക തുടങ്ങിയവ തടയുന്നതിനുള്ള നിയമ ഭേദഗതികൾ അവതരിപ്പിച്ചുകൊണ്ട് സൗദി അറേബ്യ സ്ത്രീകളെ സംരംഭക മേഖലകളിൽ മത്സരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
60 വയസ്സുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വിരമിക്കൽ പ്രായം തുല്യമാക്കി എന്നത് ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൊന്നാണ്. ഇത് സ്ത്രീകളുടെ സേവന വർഷങ്ങൾ നീട്ടുന്നതിനും എല്ലാ ആനുകൂല്യങ്ങളും നേടുന്നതിനും കാരണമായതായും മുന അൽഗാംദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.