ദരീൻ കുന്നുകളിലെ ‘വണ്ടർ ഹിൽസ്’ ആഘോഷങ്ങൾ നാളെ അവസാനിക്കും
text_fieldsജുബൈൽ: ജുബൈൽ റോയൽ കമീഷൻ മേഖലയിലെ ദരീൻ കുന്നുകളിൽ നടന്നുവരുന്ന ‘വണ്ടർ ഹിൽസ്’ ആഘോഷങ്ങൾ ശനിയാഴ്ച അവസാനിക്കും. സൗദിയുടെ ഇതര ഭാഗങ്ങളിൽനിന്ന് പോലും മലയാളികൾ ഉൾപ്പെടെ ധാരാളം ആളുകളാണ് ആഘോഷങ്ങൾക്കായി ഇതുവരെ എത്തിയത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആനന്ദിപ്പിക്കുന്ന വിനോദ ഉപാധികളും ഒരുക്കിയിട്ടുണ്ട്.
വർണവെളിച്ചങ്ങളുടെ വൈവിധ്യങ്ങളാൽ ഓരോ കുന്നുകളും അലങ്കരിച്ചിരിക്കുന്നു. ദിനോസറുകളുടെയും മറ്റും ജീവസ്സുറ്റ മോഡലുകൾ ഏറെ കൗതുകമുണർത്തും. പല ബ്രാൻഡുകളുടെയും ഫുഡ് ഔട്ട്ലറ്റുകളും സൗദി സ്റ്റൈൽ തട്ടുകടകളും കോഫി ഷോപ്പുകളും രുചി വൈവിധ്യങ്ങളെ പരിചയപ്പെടാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
പ്രത്യേകം തയാറാക്കിയ സ്റ്റേജുകളിൽ അരങ്ങേറുന്ന റഷ്യൻ നർത്തകരുടെ ഫയർ ഡാൻസും വയലിൻ, പിയാനോ ഉൾപ്പെടെ ഉപകരണസംഗീത പരിപാടികളും കാർണിവലും മറ്റും അരങ്ങേറുന്നു. ദരീൻ ഹിൽസിലെ കനാലിന് കുറുകെയുള്ള മേൽപ്പാലത്തിനപ്പുറം ചെറിയ കോട്ടേജുകളും ഉണ്ട്. അവസാന ദിവസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നത്. വൈകീട്ട് നാലു മുതൽ രാത്രി 12 വരെയാണ് സന്ദർശന സമയം. അഞ്ചു വയസ്സിന് മുകളിൽ ആളൊന്നിന് 20 റിയാലാണ് പ്രവേശന ഫീസ്. റോയൽ കമീഷനിൽ നടക്കുന്ന ഇവന്റുകളുടെ ടിക്കറ്റുകൾ വിൽക്കുന്ന പോർട്ടലായ https://window.rcjy.gov.sa/RCJYReservation/, റോയൽ കമീഷന്റെ (റഖീം) ‘വിൻഡോ’ ആപ് എന്നിവയിൽ സബ്സ്ക്രൈബ് ചെയ്ത് ലോഗിൻ ചെയ്താൽ ടിക്കറ്റുകൾ വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.