ലോകകപ്പ് 2034; അൽഖോബാറിൽ പുതിയ സ്റ്റേഡിയം
text_fieldsറിയാദ്: 2034ലെ ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന സൗദി അറേബ്യയിൽ ഒരാഴ്ചക്കിടയിൽ നിർമാണം പ്രഖ്യാപിച്ചത് മൂന്ന് സ്റ്റേഡിയങ്ങൾ.
റിയാദിലെ കിങ് സൽമാൻ സ്റ്റേഡിയത്തിനും റോഷൻ സ്റ്റേഡിയത്തിനും ശേഷം മൂന്നാമത്തെ സ്റ്റേഡിയമായി പ്രഖ്യാപിച്ചത് കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിലാണ്. അരാംകോ ഫുട്ബാൾ സ്റ്റേഡിയം എന്ന പേരിൽ സൗദി അരാംകോയും റോഷൻ ഗ്രൂപ്പും ചേർന്നാണ് നിർമിക്കുന്നത്. ലോകത്തെ പ്രമുഖ കമ്പനിയുടെ ഉടമസ്ഥതയിലുള്ള അൽ ഖാദിസിയ ഫുട്ബാൾ ക്ലബിന്റെ ഹോം സ്റ്റേഡിയം ഇതായിരിക്കും. ഏകദേശം 47,000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാവും.
2026ൽ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാകുമെന്നും സൗദി ആതിഥേയത്വം വഹിക്കുന്ന 2027ലെ ഏഷ്യൻ കപ്പ് ഫുട്ബാൾ ഉൾപ്പെടെ പ്രാദേശികവും അന്തർദേശീയവുമായ നിരവധി പരിപാടികൾ ഈ സ്റ്റേഡിയത്തിൽ നടക്കുമെന്നും റോഷൻ ഗ്രൂപ് വൃത്തങ്ങൾ പറഞ്ഞു. അറേബ്യൻ ഗൾഫിന്റെ തീരത്ത് രൂപം കൊള്ളുന്ന ജലച്ചുഴികളെ അനുസ്മരിപ്പിക്കുന്ന വിസ്മയകരമായ രൂപകൽപനയാണ് ഈ സ്റ്റേഡിയത്തിനുള്ളത്.
ഉൾക്കൊള്ളൽ, സുരക്ഷ, സുസ്ഥിരത എന്നിവയെയാണ് ഇത് പ്രതീകവത്കരിക്കുന്നത്. വിനോദ, കായിക പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾ ഈ സ്റ്റേഡിയം നിറവേറ്റും. സ്പോർട്സിനും വിനോദത്തിനുമുള്ള ഒരു പ്രമുഖ പ്രാദേശിക സ്ഥലമാക്കി സ്റ്റേഡിയത്തെ മാറ്റുമെന്നും റോഷൻ ഗ്രൂപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.