ലോകകപ്പ് 2034: 140ലേറെ രാജ്യങ്ങൾ പിന്തുണച്ചെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ
text_fieldsറിയാദ്: 2034ലെ ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യക്ക് 140 ലധികം രാജ്യങ്ങളുടെ പിന്തുണ ലഭിച്ചെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ (സാഫ്) അറിയിച്ചു. 48 ടീമുകൾ ഏറ്റുമുട്ടുന്ന ഫിഫ ലോകകപ്പിന് ഒരു രാജ്യം മാത്രമായി ആദ്യമായാണ് ആതിഥേയത്വം വഹിക്കനൊരുങ്ങുന്നത്.
അന്താരാഷ്ട്ര സമൂഹത്തിന്റെ അഭൂതപൂർവമായ പിന്തുണയും സൗദിയോടുള്ള ഉറച്ച വിശ്വാസവും പ്രകടമായിക്കാണുന്നത് ഒരു ചരിത്ര നിമിഷമാണ് അനുഭവിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ സാഫ് പ്രസിഡന്റ് യാസർ അൽ മിസെഹൽ പറഞ്ഞു.
ഇതുവരെ നടന്നിട്ടില്ലാത്ത രീതിയിൽ ലോകകപ്പിന്റെ ഏറ്റവും വലിയ പതിപ്പിനാണ് സൗദി തയാറെടുക്കുന്നത്. ഈ ആഗോള ഇവന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ വിജയം ഉറപ്പാക്കാൻ സർക്കാർ മേഖലകളിലും സ്വകാര്യമേഖലകളിലുമുള്ള എല്ലാ സംവിധാനങ്ങളുടെയും സമ്പൂർണമായ സമന്വയവും ഏകോപനവുമുണ്ട്. 2034ൽ സൗദി മണ്ണിൽ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പ് ഞങ്ങൾ അവതരിപ്പിക്കുമെന്നും സാഫ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
‘സൗദി വിഷൻ 2030’ ശ്രദ്ധേയമായ വികസനത്തിന് വഴിയൊരുക്കുകയും സൗദി അറേബ്യയെ കാണാൻ ലോക സമൂഹത്തിന് വാതിലുകൾ തുറക്കുകയും ചെയ്തെന്നും ലോകകപ്പ് മുഴുവൻ സൗദി സമൂഹത്തിന്റെയും മഹത്തായ സ്വപ്നമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ പുതിയ മാതൃകയിൽ ടൂർണമെന്റിന് ഒറ്റക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമാകും സൗദിയെന്ന് സാഫ് 2034 ലോകകപ്പിനുള്ള ബിഡ് കമ്മിറ്റി തലവൻ ഹമ്മദ് അൽ ബലാവി വ്യക്തമാക്കി.
ലോകകപ്പിനായുള്ള 10 വർഷത്തെ യാത്ര ഇപ്പോൾ തന്നെ ആരംഭിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. സൗദി ജനതയിൽ 80 ശതമാനം പേരും കായിക പ്രേമികളാണെന്നും പ്രത്യേകിച്ച് ഫുട്ബാൾ ആരാധകരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വദേശികളായ ധാരാളം യുവതീയുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ ലോകകപ്പിന്റെ പശ്ചാത്തലത്തിലു ണ്ടാകും. 2034 ലോകകപ്പിന്റെ ഉദ്ഘാടന മത്സരങ്ങളും ഫൈനൽ മത്സരങ്ങളും റിയാദിൽ തന്നെയാണ് നടക്കുന്നത്.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന്റെ ദൃശ്യാവതരണം, അഞ്ച് ആതിഥേയ നഗരങ്ങളും 15 ലോകോത്തര സ്റ്റേഡിയങ്ങളും, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയുടെ പദ്ധതികളും വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.