ലോകകപ്പ് ഫുട്ബാൾ: ഭരണകൂടത്തിന്റെ പിന്തുണ യോഗ്യതക്ക് കാരണമായി -കായികമന്ത്രി
text_fieldsജിദ്ദ: കായികമേഖലക്ക് ഭരണകൂടം നൽകിയ വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലോകകപ്പ് ഫുട്ബാൾ മത്സരത്തിലേക്ക് സൗദി ടീമിനെ യോഗ്യരാക്കിയതെന്ന് സൗദി കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ പറഞ്ഞു. 2022 ലോകകപ്പിലേക്ക് സൗദി ടീം യോഗ്യതനേടിയശേഷം നടത്തിയ പത്രപ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സൗദി ടീമിന്റെ ചരിത്രത്തിൽ ആറാം തവണയാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. തുടർച്ചയായ നേട്ടങ്ങൾക്ക് ദൈവത്തിന് ഞങ്ങൾ നന്ദി പറയുന്നു. കായിക മേഖലക്ക് ഭരണകൂടത്തിൽനിന്ന് അഭൂതപൂർവമായ പിന്തുണയുണ്ട്.
ചെറുതും വലുതുമായ എല്ലാറ്റിനും പിന്നിൽ കിരീടാവകാശിയുടെ പിന്തുടരലും ശ്രദ്ധയുമുണ്ട്. ഈ നേട്ടം ഏറ്റവും വലിയ ബഹുമതിയായി കാണുന്നു.
സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സൗദി ജനതക്കും അദ്ദേഹം നന്ദി അറിയിച്ചു. യാസർ അൽ മഷാൽ നയിക്കുന്ന സൗദി ടീം കളിക്കാരെയും സാങ്കേതിക, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫിലെ അംഗങ്ങളെയും സൗദി ഫുട്ബാൾ അസോസിയേഷന്റെ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.2022 ലോകകപ്പ് മത്സരങ്ങളിലെ സൗദി കളിക്കാർക്ക് ആശംസകൾ നേരുന്നുവെന്നും കായികമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.