ലോകകപ്പ് ഫുട്ബാൾ: ആരാധകരുടെ യാത്ര സുഗമമാക്കൻ ജിദ്ദ വിമാനത്താവളം ഒരുങ്ങി
text_fieldsജിദ്ദ: നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആരാധകരുടെ യാത്ര സുഗമമാക്കാൻ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങി. പതിവ് വിമാന സർവീസുകൾക്ക് പുറമെ ഖത്തറിലേക്ക് ദിനേന പ്രത്യേകം സർവീസുകളുണ്ട്. ജിദ്ദ വിമാനത്തവാള കമ്പനി അംഗീകരിച്ച പ്രവർത്തന പദ്ധതി പ്രകാരം, ലോകകപ്പിനായുള്ള സ്പെഷ്യൽ വിമാനങ്ങൾ നവംബർ 13 മുതൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 23 വരെ സർവീസുകൾ തുടരും.
വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് ലോകകപ്പ് ആരാധകർക്കും മറ്റുമായുള്ള ദിവസേനയുള്ള പതിവ് വിമാനങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ദിനേനയുള്ള സ്പെഷ്യൽ വിമാന സർവീസുകൾ ഹജ്ജ്, ഉംറ ടെർമിനൽ കോംപ്ലക്സിൽ നിന്നായിരിക്കും യാത്ര പുറപ്പെടുക. ഈ ടെർമിനലിലേക്ക് യാത്രക്കാരെ എത്തിക്കാൻ സ്പെഷ്യൽ ബസുകൾ സർവീസ് നടത്തും. എല്ലാ അന്വേഷണങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ ഒരു പ്രത്യേക ടീമിനെയും ഹജ്ജ്, ഉംറ ടെർമിനലിൽ നിയോഗിച്ചിട്ടുണ്ട്. ഖത്തറിലേക്ക് പോവുന്ന യാത്രക്കാർക്ക് തങ്ങളുടെ പാസ്പോർട്ടിനും ബോര്ഡിങ് പാസിനുമൊപ്പം ഡിജിറ്റൽ ആയോ പ്രിന്റ് ചെയ്‌തതോ ആയ 'ഹയ' കാർഡും നിർബന്ധമാണ്.
യാത്രക്കാർ ഹജ്ജ് ടെർമിനൽ കോംപ്ലക്‌സിന്റെ ഗേറ്റ് നമ്പർ 17 ന് മുമ്പിലുള്ള കാർ പാർക്കിങ് സ്ഥലത്താണ് എത്തിച്ചേരേണ്ടത്. ഇവിടെ 3,000 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. കാർ പാർക്കിങ് സ്ഥലത്തു നിന്നും പ്രത്യേകം സജ്ജീകരിച്ച ബസുകൾ വഴി കോംപ്ലക്സിലെ എയർകണ്ടീഷൻ ട്രാവൽ ഹാളുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോവും. ഇതിനായി 18 ബസുകൾ 24 മണിക്കൂറും സർവീസിനായുണ്ടാവും.
സൗദി എയർലൈൻസ്, ഫ്ലൈനാസ്, ഖത്തർ എയർവേസ് എന്നീ വിമാന കമ്പനികളുടെ സാധാരണ സർവീസുകൾ ടെർമിനൽ ഒന്നിൽ നിന്നായിരിക്കും ഉണ്ടാവുക. ഈ സർവീസുകളിൽ സാധാരണ പോലെ ലഗേജുകൾ അനുവദിക്കും. എന്നാൽ ലോകകപ്പ് ഫുട്ബാളിന് മാത്രമായി ഹജ്ജ് കോംപ്ലക്സ് ടെർമിനലിൽ നിന്നും ദിനേന സർവീസ് നടത്തുന്ന സ്പെഷ്യൽ സൗദി എയർലൈൻസ് വിമാനങ്ങളിൽ ലഗേജുകൾ അനുവദിക്കില്ല. ഹാൻഡ് ബാഗേജ് മാത്രമേ ഈ യാത്രക്കാർക്ക് അനുവദിക്കൂ. ദിവസേനയുള്ള പതിവ് യാത്രകൾ ദോഹയിലെത്താനും ഹോട്ടലുകളിൽ താമസിക്കാതെ അതേ ദിവസം തന്നെ മടങ്ങാനും ഫുട്ബാൾ ആരാധകരെ പ്രാപ്തരാക്കുന്നതിനോടൊപ്പം യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും സഹായിക്കുമെന്ന് ജിദ്ദ വിമാനത്താവള അതോറിറ്റി അഭിപ്രായപ്പെട്ടു.
യാത്രക്കാർക്കും ഫുട്ബോൾ പ്രേമികൾക്കും ആവേശം പകരാൻ ജിദ്ദ വിമാനത്താവളത്തിൽ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ടെർമിനൽ ഒന്നിന്റെ പ്രവേശന കവാടങ്ങൾ സൗദി ദേശീയ ടീമിന്റെ ലോഗോയുടെ നിറങ്ങളാൽ അലങ്കരിച്ചിരിച്ചിട്ടുണ്ട്. കൂടാതെ ഫുട്ബാൾ താരങ്ങളുടെ ചിത്രത്തോടൊപ്പം സെൽഫി ഫോട്ടോ എടുക്കാനുള്ള സൗകര്യവും പ്രവചന മത്സരമടക്കം വിവിധ ഗെയിമുകളും മത്സരങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. വിജയികൾക്ക് ഐഫോൺ അടക്കമുള്ള സമ്മാനങ്ങളുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.