ലോകകപ്പ് ഫുട്ബാൾ; ജിദ്ദ കേരള പൗരാവലി 'വേൾഡ് കപ്പ് ഫിയസ്റ്റ' വരവേൽപ്പ് വെള്ളിയാഴ്ച
text_fieldsജിദ്ദ: അടുത്ത ആഴ്ച ഖത്തറിൽ കിക്ക് ഓഫ് ചെയ്യാനിരിക്കുന്ന ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനായി ജിദ്ദ കേരള പൗരാവലി 'വേൾഡ് കപ്പ് ഫിയസ്റ്റ' എന്ന പേരിൽ ഒരുക്കുന്ന വർണ്ണാഭമായ പരിപാടികൾ നവംബർ 18ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് 5:30 മുതൽ ജിദ്ദ ഖാലിദ് ബിൻ വലീദ് റിയൽ കേരള സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെവൻസ് സോക്കർ ഫുട്ബാൾ ടൂർണമെന്റ്, മാർച്ച് പാസ്ററ്, ഷൂട്ട്ഔട്ട്, ഗേൾസ് ഫുട്ബാൾ, അർജന്റീന, ബ്രസീൽ ഫാൻസ് ടീമുകൾ തമ്മിലുള്ള പ്രദർശന മത്സരം, ഫ്ലാഷ് മോബ്, ഓട്ടംതുള്ളൽ, ഒപ്പന മറ്റു കേരളീയ കലാ രൂപങ്ങൾ തുടങ്ങി വിവിധ പാരിപാടികൾ 'വേൾഡ് കപ്പ് ഫിയസ്റ്റ'ക്ക് മാറ്റുകൂട്ടും.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ പ്രാദേശിക കൂട്ടായ്മയിലെ കലാ, കായിക പ്രേമികളുടെ സാന്നിധ്യം വിവിധ പരിപാടികളിൽ ഉണ്ടായിരിക്കും. തിരുവന്തപുരം സ്വദേശി സംഗമം, ജെ.എൻ.എച്ച് എഫ്.സി, ജിദ്ദ പാന്തേഴ്സ് ഫോറം, കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മ, വയനാട്, തൃശൂർ, കോഴിക്കോട് ജില്ലാ സംഘടനകൾ എന്നിവക്ക് പുറമെ ടീം തരിവളയും ഇശൽ കലാവേദിയും വിവിധ പാരിപാടികൾ അവതരിപ്പിക്കും. ജിദ്ദയിലെ മറ്റു വിവിധ സാമൂഹിക, സാംസ്‌കാരിക, കായിക കലാരംഗത്തുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് ജിദ്ദ കേരള പൗരാവലി സംഘടിപ്പിക്കുന്ന 'വേൾഡ് കപ്പ് ഫിയസ്റ്റ' നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.
തുറായ റോയൽ എഫ്.സി, ഗ്ലോബ് എഫ്.സി, ഇത്തിഹാദ് എഫ്.സി, കെ.എൽ 10 ജിദ്ദ എഫ്.സി, ജസാ സ്പോർട്സ് അക്കാഡമിഎന്നീ അഞ്ച് ടീമുകളാണ് ലീഗ് അടിസ്ഥാനത്തിലുള്ള സെവൻസ് സോക്കർ ഫുട്ബാൾ ടൂർണമെന്റിൽ മാറ്റുരക്കുന്നത്. വേൾഡ് കപ്പ് മാതൃകയിലുള്ള ട്രോഫിയും ക്യാഷ് അവാർഡും വിജയികൾക്ക് സമ്മാനിക്കും.
പരിപാടിയോടനുബന്ധിച്ച് വിതരണം ചെയ്യുന്ന സമ്മാന കൂപ്പണിലെ വിജയികൾക്ക് മൂന്ന് ടെലിവിഷനുകൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. സെവൻസ് സോക്കർ ഫുട്ബാൾ ടൂർണമെന്റിന്റെ ഫിക്സ്ചർ ഇന്ത്യൻ മീഡിയഫോറം പ്രസിഡന്റ് പി.എം മായിൻകുട്ടി പ്രകാശനം ചെയ്തു.
ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി, ജനറൽ കൺവീനർ മൻസൂർ വയനാട്, ട്രഷറർ ഷരീഫ് അറക്കൽ, ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ഹിഫ്‌സുറഹ്മാൻ, കൺവീനർ റാഫി ബീമാപള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.