ബത്ഹയിൽ ലോകകപ്പ് കളിയാരവം നിറച്ച് ബിഗ് സ്ക്രീനുകൾ
text_fieldsറിയാദ്: ഖത്തറിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതെങ്കിലും അതിന്റെ ആരവം ലോകത്തിന്റെ മുക്കുമൂലകളിൽ മുഴങ്ങുകയാണ്. റിയാദ് നഗരത്തിന്റെ വാണിജ്യ കേന്ദ്രമായ ബത്ഹയിലും കaളിയാരവം നിറച്ച് ബിഗ് സ്ക്രീനുകളിൽ ഉദ്ഘാടന ചടങ്ങിന്റെയും ആദ്യ മത്സരത്തിന്റെയും തത്സമയ സംപ്രേഷണ സൗകര്യം ഒരുക്കിയിരുന്നു. ടൂർണമെന്റ് അവസാനിക്കുംവരെ സ്ഥിരസംവിധാനമായാണ് ബിഗ് സ്ക്രീൻ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മലയാളി സംഘടനകളും വാണിജ്യ സ്ഥാപനങ്ങളുമാണ് പിന്നിൽ.
സഫ മക്ക പോളിക്ലിനിക്കും ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയും സംയുക്തമായി ഒരുക്കിയ വേദിയിൽ കാല്പന്തു പ്രേമികളുടെ വൻതിരക്കാണ് ആദ്യദിവസം അനുഭവപ്പെട്ടത്.
വളരെ നേരത്തെതന്നെ ഇരിപ്പിടങ്ങൾ സ്വന്തമാക്കാൻ കാണികളുടെ തിരക്കായിരുന്നു. ആവേശം നിറഞ്ഞ ഖത്തർ - എക്വഡോർ മത്സരം ആർപ്പുവിളികളോടെയാണ് കാണികൾ വരവേറ്റത്. ഇടവേളയിൽ ചേർന്ന ലളിതമായ ചടങ്ങിൽ ബിഗ് സ്ക്രീൻ സംപ്രേഷണ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) നിർവഹിച്ചു.
ഒ.ഐ.സി.സി ജില്ല പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു.
ജംഷീദ് തൂവൂർ ആമുഖ പ്രഭാഷണം നടത്തി. യഹ്യ സഫ മക്ക, അബ്ദുല്ല വലഞ്ചിറ, സക്കീർ ദാനത്ത്, കുഞ്ഞി കുമ്പള, സിദ്ദീഖ് കല്ലുമ്പറമ്പൻ, മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ ആലുവ, നൗഫൽ പാലക്കാടൻ, വഹീദ് വാഴക്കാട്, വിനീഷ് ഒതായി, ഉമർകുട്ടി സഫമക്ക, ഷഫീഖ് കിനാലൂർ, അർഷാദ് കോഴിക്കോട്, സജീർ പൂന്തുറ, അബൂബക്കർ മഞ്ചേരി, ബഷീർ കോട്ടക്കൽ, നൗഷാദ് വണ്ടൂർ, സുരേഷ് ശങ്കർ, അഡ്വ. എൽ.കെ. അജിത് തുടങ്ങിയവർ സംസാരിച്ചു. അൻവർ വാഴക്കാട് നന്ദി പറഞ്ഞു.
ബത്ഹ ഹൃദയഭാഗത്തെ ലുഹ മാർട്ടിന് മുന്നിലും വലിയ സ്ക്രീൻ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി റിയാദ് നഗരത്തിന്റെ പല ഭാഗത്തുനിന്നും സമീപപ്രദേശങ്ങളിൽനിന്നും ബത്ഹയിൽ എത്തുന്ന കളിപ്രേമികൾക്ക് മത്സരങ്ങൾ യഥാസമയം വീക്ഷിക്കുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും ഫൈനൽ വരെ എല്ലാ ദിവസവും ഈ സൗകര്യമുണ്ടായിരിക്കുമെന്നും ലുഹ മാർട്ട് എം.ഡി ബഷീർ മുസലിയാരകം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.