ലോക സാമ്പത്തിക ഫോറം പ്രത്യേക യോഗം സമാപിച്ചു; സമാധാനത്തിലേക്കുള്ള വ്യക്തമായ പാത സ്വീകരിക്കാൻ ലോക നേതാക്കളോട് ആഹ്വാനം
text_fieldsറിയാദ്: സമാധാനത്തിലേക്കുള്ള വ്യക്തമായ പാത സ്വീകരിക്കാൻ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ലോക സാമ്പത്തിക ഫോറം പ്രത്യേക യോഗം സമാപിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിൽ റിയാദിൽ നടന്ന ദ്വിദിന ഫോറം നിരവധി രാഷ്ട്രത്തലവന്മാരുടെയും 92 രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ, സ്വകാര്യ മേഖലകൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള 1000ത്തിലധികം മുതിർന്ന ഉദ്യോഗസ്ഥരുടെയും അന്താരാഷ്ട്ര വിദഗ്ധരുടെയും ചിന്തകരുടെയും സാന്നിധ്യവും പങ്കാളിത്ത്വവും കൊണ്ട് ശ്രദ്ധേയമായി. ദാവോസിന് പുറത്ത് ഫോറം ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഹാജരായിരുന്നു ഫോറത്തിൽ രേഖപ്പെടുത്തിയത്.
സൗദിയിലെയും ലോകത്തെയും വിവിധ രാജ്യങ്ങളിലെ പ്രഭാഷകരുടെ പങ്കാളിത്തത്തോടെ നടന്ന ദ്വിദിന ഫോറം ‘അന്താരാഷ്ട്ര സഹകരണം, വളർച്ച, വികസനത്തിനുള്ള ഊർജം’എന്ന തലക്കെട്ടിൽ വൈവിധ്യമാർന്ന സംഭാഷണങ്ങളും ചർച്ചകളും നടന്നു.ലോക സാമ്പത്തിക ഫോറവുമായി സഹകരിച്ച് സൗദിയുടെ നിരവധി സംരംഭങ്ങളുടെ പ്രഖ്യാപനത്തിനും ഫോറം സാക്ഷ്യം വഹിച്ചു. പല രാജ്യങ്ങളിലും ആരോഗ്യ സംരക്ഷണം വർധിപ്പിക്കുന്നതിനും പോളിയോ തടയുന്നതിനുമായി കിങ് സൽമാൻ റിലീഫ് സെന്ററിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ‘ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനു’മായി മൂന്ന് കരാറുകളിൽ ഒപ്പുവെച്ചു. ലാഭേച്ഛയില്ലാത്ത മേഖലയിൽ യുവജന പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനും സംയുക്ത ആഗോള പരിപാടികൾ ആരംഭിക്കുന്നതിനുമായി അമീർ മുഹമ്മദ് ബിൻ സൽമാൻ ‘മിസ്ക്’ഫൗണ്ടേഷനുമായുള്ള കരാറിനും റിയാദിലെ ‘മിസ്ക് സിറ്റി’യിൽ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഒരു പ്രാദേശിക ആസ്ഥാനം സ്ഥാപിക്കുന്നതിനുള്ള കരാറിനും ഫോറം സാക്ഷിയായി.ലോക സാമ്പത്തിക ഫോറം പ്രത്യേക യോഗത്തിന്റെ പ്രാധാന്യം വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർഗ് ബ്രെൻഡെ ഊന്നിപ്പറഞ്ഞു.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ എന്നിവരുൾപ്പെടെയുള്ള പ്രമുഖ ആഗോള നേതാക്കളുടെ സാന്നിധ്യം ആകർഷിച്ച ഒരു സുപ്രധാന സമ്മേളനമായിരുന്നു ഫോറമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ആരോഗ്യ സംരക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ നിരവധി സംരംഭങ്ങൾക്ക് തുടക്കമിടുന്നതിനും പ്രത്യേക യോഗം വഴിയൊരുക്കി. വിവിധ സെഷനുകളിൽ സൗദിയിലെ മന്ത്രിമാർ, അന്താരാഷ്ട്ര സംഘടനാമേധാവികൾ, പ്രമുഖ ചിന്തകന്മാൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.