ലോക പരിസ്ഥിതി ദിനം; പ്ലാസ്റ്റിക് മലിനീകരണം പരിഹരിക്കാൻ നടപടി ഉണ്ടാവണമെന്ന് ഒ.ഐ.സി
text_fieldsജിദ്ദ: പരിസ്ഥിതിക്ക് ഏറെ ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാൻ എല്ലാ രാജ്യങ്ങളും ഏറെ ജാഗ്രത പാലിക്കണമെന്നും ഇതിന് പരിഹാരം കാണാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണെന്നും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒ.ഐ.സി) ആഹ്വാനം ചെയ്തു. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം ആഗോളതലത്തിൽ ആചരിക്കുന്ന പാശ്ചാത്തലത്തിലാണ് 57 രാജ്യങ്ങൾ അംഗമായ ഒ.ഐ.സിയുടെ ജനറൽ സെക്രട്ടറി ഹിസ്സൈൻ ഇബ്രാഹിം താഹ പ്രസ്താവന ഇറക്കിയത്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം സമൂഹത്തിന് നൽകാനും പരിസ്ഥിതിക്ക് ഗുണകരമായ കർമപദ്ധതികൾ ആസൂത്രണം ചെയ്യാനും 1973 മുതൽ പരിസ്ഥിതി ദിനം ആചരിക്കുന്നുണ്ട്. ലോകമെമ്പാടും പരിസ്ഥിതിക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടുന്നതിനുള്ള പരിഹാരങ്ങളും അവ പ്രതിരോധിക്കാനുള്ള മികച്ച രീതികളും തേടുന്നതിന് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം എല്ലാ രാജ്യങ്ങൾക്കും പ്രചോദനം നൽകുമെന്ന് ഒ.ഐ.സി പ്രത്യാശ പ്രകടിപ്പിച്ചു.
പ്ലാസ്റ്റിക് മലിനീകരണം ഇന്ന് ആഗോള തലത്തിൽതന്നെ വലിയൊരു പ്രശ്നമായി മാറിയിട്ടുണ്ട്. സമൂഹത്തിന്റെ ആശ്വാസത്തിനും സാമ്പത്തിക വളർച്ചക്കും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി മനുഷ്യരാശി സൃഷ്ടിച്ച പ്ലാസ്റ്റിക് ഇന്ന് പാരിസ്ഥിതിക സുരക്ഷക്കും ജനജീവിതത്തിന്റെ ആരോഗ്യത്തിനും ജീവജാലങ്ങളുടെ പ്രകൃതിപരമായ ആവാസ വ്യവസ്ഥക്കും ഏറെ ഭീഷണിയായ അവസ്ഥയാണുള്ളത്. ഇസ്ലാമിന്റെ മാനദണ്ഡങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായി പരിസ്ഥിതിയോട് കൂടുതൽ ഉത്തരവാദിത്തത്തോടെയും കരുതലോടെയും ജീവിക്കേണ്ടതിന്റെ ആവശ്യകത ഇന്ന് സമൂഹത്തിന് ഏറെ ബോധ്യമായി വന്നിരിക്കുകയാണ്.
മനുഷ്യന്റെ ശ്രദ്ധ ക്ഷണിക്കാനുള്ള അവസരമാണ് ലോക പരിസ്ഥിതി ദിനം. അന്താരാഷ്ട്ര സമൂഹത്തോടും അവരുടെ ആഭ്യന്തര, വിദേശ നയങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ മുൻഗണന നൽകാനും ലോകത്തെ മികച്ചതും സുരക്ഷിതവുമായ താമസസ്ഥലമാക്കി മാറ്റുന്നതിന് സമഗ്രമായ അന്തർ സംസ്ഥാന സഹകരണം പ്രോത്സാഹിപ്പിക്കാനും ശക്തമായി ആവശ്യപ്പെടുന്നതായി ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തോടും അവരുടെ ആഭ്യന്തര, വിദേശ നയങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ മുൻഗണന നൽകാനും സുരക്ഷിതമായ താമസസ്ഥലമാക്കി ഓരോ പ്രദേശത്തെയും മാറ്റുന്നതിനുള്ള ശ്രമങ്ങളും എല്ലാവരും നടത്തണമെന്നും ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് നൽകിയ വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.