ലോക ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിന് ദമ്മാമിൽ തുടക്കം
text_fieldsദമ്മാം: ലോക ക്ലബ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പ് 'സൂപ്പർ ഗ്ലോബ് സൗദി അറേബ്യ-2022' ആരംഭിച്ചു. സൗദി ഡെപ്യൂട്ടി സ്പോർട്സ് മന്ത്രി ബദ്ർ ബിൻ അബ്ദുറഹ്മാൻ അൽഖാദി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. വിശിഷ്‌ടമായ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളുടെയും ഇവൻറുകളുടെയും വിപുലീകരണമാണ് ഈ ആഗോള ടൂർണമെന്റെന്ന് സ്പോർട്സ് ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.
കഴിഞ്ഞ കാലഘട്ടത്തിൽ നമ്മുടെ രാജ്യം ധാരാളം മത്സരങ്ങൾക്ക് ആതിഥ്യമരുളി. ഭരണകൂടത്തിെൻറ ഉദാരവും പരിധിയില്ലാത്തതുമായ പിന്തുണയോടെയാണിത്. 'വിഷൻ 2030' ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഏറെ സഹായിക്കും. ഹാൻഡ്‌ബാൾ കായിക വിനോദത്തിന് വലിയ ജനപ്രീതിയും സ്ഥാനവും സൗദി അറേബ്യയിലുണ്ട്. ഇത്തരം പ്രധാന ആഗോള ഇവൻറുകൾക്ക് ആതിഥ്യം വഹിക്കുന്നത് അതിെൻറ പ്രാധാന്യവും സ്വാധീനവും വ്യക്തമാക്കുന്നതാണ്. സൗദിയുടെ ദേശീയ ടീമുകളിൽ അഭിമാനമുണ്ട്. 2023-ലെ അടുത്ത ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നതിൽ ടീം വിജയിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയ മന്ത്രി, ടൂർണമെൻറിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളെയും സ്വാഗതം ചെയ്തു. എല്ലാവർക്കും വിജയം നേരുന്നതായും അദ്ദേഹം പറഞ്ഞു.
ഇൻറർനാഷനൽ ഹാൻഡ്‌ബാൾ ഫെഡറേഷൻ പ്രസിഡൻറ് ഡോ. ഹസൻ മുസ്തഫ, സൗദി ഹാൻഡ്‌ബാൾ ഫെഡറേഷൻ പ്രസിഡൻറ് ഫദൽ ബിൻ അലി അൽ-നമിർ, മത്സരത്തിൽ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ രാജ്യങ്ങളിൽനിന്നുള്ള നിരവധി ഫെഡറേഷൻ മേധാവികൾ എന്നിവർ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിച്ചു.
2019 ദമ്മാമിൽ നടന്ന 13-ാം പതിപ്പിന് ശേഷം ഇത് മൂന്നാം തവണയാണ് സൗദി അറേബ്യ ലോക ക്ലബ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. രണ്ടാംപതിപ്പ് 2021 ൽ ജിദ്ദയിലാണ് നടന്നത്. ചാമ്പ്യൻഷിപ്പിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്ന മത്സരം കൂടിയാണിത്. ഒക്ടോബർ 23 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 12 ക്ലബുകളാണ് പങ്കെടുക്കുന്നത്. 6,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാളിലെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.