പോസ്റ്റ് ബോക്സ് നമ്പർ 7763: റിയാദിലൊരു കത്തുകളുടെ സൂക്ഷിപ്പുകാരൻ
text_fieldsറിയാദ്: പ്രവാസത്തിന്റെ സ്പന്ദനങ്ങൾ തുടിച്ചിരുന്നത് ഒരുകാലത്ത് കത്തുകളിലായിരുന്നു. സന്തോഷവും സന്താപവും പ്രണയവും പ്രതീക്ഷയും നിരാശയുമെല്ലാം പങ്കുവെച്ചിരുന്നത് കത്തുകളിലൂടെയായിരുന്നു.
ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്ക് പറന്ന ആ കത്തുകൾ ഇപ്പോഴും ഒരു സമ്പാദ്യംപോലെ സൂക്ഷിക്കുന്ന പ്രവാസികളുണ്ട്. റിയാദിലെ 7763ാം നമ്പർ പോസ്റ്റ് ബോക്സ് തുറന്നെടുത്ത കത്തുകളെല്ലാം ചിതലരിക്കാതെ സൂക്ഷിച്ചുവെച്ചിരിക്കുന്ന കൊല്ലം കടയ്ക്കൽ മുള്ളിക്കാട് സ്വദേശി നൗഷാദ് അതിലൊരാളാണ്.
അദ്ദേഹത്തിലെ മനസ്സിൽ ഓരോ കത്തിലെയും വരികൾ മായാതെയുണ്ട്. പെട്ടിയിൽ അടുക്കിവെച്ച കത്തുകളുടെ ഇതളുകൾ വിടർത്തുമ്പോൾ പഴമയുടെ ഗന്ധം പരക്കും. ഗൃഹാതുര ഓർമകളിലേക്കാണ് ആ മണം പിടിച്ചുള്ള യാത്രയെന്നും നൗഷാദ് പറയുന്നു. നൗഷാദിന്റെ റിയാദിലെ ഫ്ലാറ്റിൽ 31വർഷം വരെ പഴക്കമുള്ള കത്തുകളുണ്ട്. അത് നിറയെ ഓരോ കാലത്തിന്റെയും സഹൃദത്തിന്റെയും ബന്ധങ്ങളുടെയും ഓർമകളാണ്.
ആറ് രൂപ അമ്പത് പൈസ വിലയുള്ള ഇൻലൻഡിൽ ഒരു പൊടിസ്ഥലം വിടാതെ എഴുതി നിറക്കും. പേപ്പറിൽ എഴുതുന്ന കത്താണെങ്കിൽ മാർജിനിട്ട പേപ്പറിന്റെ അതിരുകളിലൂടെ താഴെനിന്ന് മുകളിലേക്ക് എഴുതി ആയിടങ്ങളും നിറക്കും. പറഞ്ഞു തീരാത്ത ഓർമകളും അനുഭവങ്ങളും ആനുകാലിക സംഭവങ്ങളുമാണ് അതെല്ലാം.
സ്വന്തം കൈപ്പടയിൽ കത്തെഴുതുന്നതിന്റെ വൈകാരികതയും ആ വരികൾക്കുണ്ടാകുന്ന കലർപ്പില്ലായ്മയൊന്നും പുതിയ കാലത്തെ ടൈപ്പിങ്ങിന് ലഭിക്കുന്നില്ലെന്നും നൗഷാദ് പറയുന്നു.
നാട്ടിൽ സജീവ പൊതുപ്രവർത്തകനായിരുന്നത് കൊണ്ടുതന്നെ നാട്ടിലെ വ്യത്യസ്ത മേഖലകളിൽനിന്നുള്ള വിഷയങ്ങളെ കുറിച്ചുള്ള കത്തുകളും ഗൗരവമായ രാഷ്ട്രീയ സംവാദങ്ങളുമുണ്ട് നൗഷാദിന്റെ കത്തിടപാടുകളിൽ. കത്തുകളെല്ലാം ഇടക്കെടുത്ത് വായിക്കും.
ഉപ്പയും ഉമ്മയും അയച്ച കത്തുകളിലെ വരികളാണ് ഏറെ പ്രിയം. നൂറ് കണക്കിന് പേജുകൾക്കിടയിലും പ്രണയക്കടലാസുകളൊന്നും കാണാതെ വന്നപ്പോഴുള്ള ചോദ്യത്തിന് പ്രവാസത്തിന്റെ തുടക്കത്തിൽതന്നെ വിവാഹം നിശ്ചയിക്കുകയും പിന്നീട് പ്രിയതമ റിയാദിൽ എത്തിയെന്നുമാണ് മറുപടി. പ്രണയം അക്ഷരങ്ങളിലേക്ക് പകർത്താൻ സമയം കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കത്ത് ശേഖരം മക്കൾക്ക് ഒരു അത്ഭുതമാണ്. ഇങ്ങനെയൊരു കാലം ഉണ്ടായിരുന്നെന്ന് പോലും അവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കത്തെഴുതി പോസ്റ്റ് ചെയ്താൽ റിയാദിൽനിന്ന് കടയ്ക്കൽ പോസ്റ്റ് ഓഫിസിലെത്താൻ ഒരാഴ്ച കഴിയും. തിരിച്ചാണെങ്കിൽ ദിവസങ്ങൾ പിന്നെയും വൈകും.
ഒറ്റ ക്ലിക്കിന് വലിയ ഫയലുകൾ നിമിഷ നേരം കൊണ്ട് ലോകത്തിന്റെ ഏത് മൂലയിലും എത്തിക്കാനാവും വിധം സാങ്കേതിക വിദ്യ വളർന്ന കാലത്തെ ന്യൂജെൻ പിള്ളേരെ ഇങ്ങനെയൊരു കാലത്തെ കുറിച്ച് പറഞ്ഞു ബോധിപ്പിക്കാൻ കൂടി സൂക്ഷിക്കുന്ന പോയകാല തെളിവുകളാണ് ഈ കടലാസ് തുണ്ടുകളെന്നും നൗഷാദ് പറയുന്നു.
കത്തെഴുത്ത് ഇപ്പോഴും തുടരുന്നുണ്ട്. കത്തെഴുത്ത് വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടാക്കും. ചിന്തകളും വികാരങ്ങളും കൂടുതൽ ആത്മാർഥമാകുന്നത് അക്ഷരങ്ങളിൽ കൈകളിലൂടെ കടലാസിലേക്ക് പതിയുമ്പോഴാണെന്ന് നൗഷാദ് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു. കത്തെഴുത്തെന്ന കല പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പുതുതലമുറയെ കത്തെഴുത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്.
അത് നമുക്കിടയിലും സജീവമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും നൗഷാദ് പറഞ്ഞു. കത്തുകളുടെയും കാലത്തിന്റെയും അപൂർവ ശേഖരമുള്ള ഈ കത്ത് സൂക്ഷിപ്പുകാരൻ 32 വർഷമായി റിയാദിൽ പ്രവാസിയാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ, വളവുപച്ച സി. കേശവൻ ഗ്രന്ഥശാല സെക്രട്ടറി തുടങ്ങി വിവിധ മേഖലകളിൽ നാട്ടിൽ സജീവമായിരുന്നു.
നിലവിൽ റിയാദ് മലയാളി ടോസ്റ്റ്മാസ്റ്റർ ക്ലബിന്റെ പ്രസിഡന്റാണ്. വ്യത്യസ്ത കമ്പനികളിൽ ജോലിചെയ്തിരുന്ന നൗഷാദ് ഇപ്പോൾ റിയാദിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഉൽപന്നങ്ങളുടെ മൊത്ത ചില്ലറ വിൽപന സ്ഥാപനമായ കൊളമ്പസ് കിച്ചനിൽ ഫിനാൻസ് മാനേജരായി ജോലി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.