ഹസ്സൻ സിദ്ദീഖ് ബാബുവിന് വേൾഡ് മലയാളി ഫെഡറേഷൻ യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: പ്രവാസം മതിയാക്കി മടങ്ങുന്ന വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്) ജിദ്ദ കൗൺസിൽ ട്രഷറർ ഹസ്സൻ സിദ്ദീഖ് ബാബുവിന് (ബാബു നഹ്ദി) കമ്മിറ്റി യാത്രയയപ്പ് നൽകി. യോഗത്തിൽ സേവനരംഗത്ത് ഹസ്സൻ സിദ്ദീഖ് ബാബുവിന്റെ സമർപ്പിത ജീവിതം ഏവരും ഓർത്തെടുത്തു. പ്രതിദിനം 230 ഓളം കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നൽകുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ യാഥാർഥ്യമാക്കിയതിൽ ബാബു നഹ്ദി വഹിച്ച പങ്ക് ഏറെയാണ്. അന്ധരെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ജീവിത പരിശീലനം നൽകുന്ന അന്ധ വിദ്യാലയം, ട്രെയിനിങ് സെന്റർ, അന്ധരുടെ സാക്ഷരതാ പരിശീലനം, അന്ധർക്കായി 45 ഓളം വിവിധ ഭാഷകളിലേക്ക് ബ്രെയ്ലി ലിപിയിൽ അച്ചടിക്കുന്ന പ്രിന്റിങ് പ്രസ് എന്നിവ ബാബു നഹ്ദിയുടെ സംഘാടനത്തിന്റെയും സേവനത്തിന്റെയും ഉത്തമ നിദർശനങ്ങളായി പ്രസംഗകർ നിരീക്ഷിച്ചു.
ജിദ്ദ കൗൺസിൽ പ്രസിഡന്റ് ഷാനവാസ് വണ്ടൂർ അധ്യക്ഷത വഹിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലുകളിൽ കിടക്കേണ്ടിവന്ന നൂറോളം പേരെ നിയമത്തിന്റെ നൂലാമാലകളിൽനിന്ന് വിടുതൽ ചെയ്ത് നാട്ടിലെത്തിക്കുന്നതിലും കോവിഡ് മഹാമാരി കാലത്ത് ഭക്ഷണവും മരുന്നും എത്തിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു ബാബു നഹ്ദി എന്ന് ഡബ്ല്യൂ.എം.എഫ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. മിഡിലീസ്റ്റ് ജനറൽ സെക്രട്ടറി നസീർ വാവാക്കുഞ്ഞ് സേവന മേഖലയിൽ ഹസ്സൻ സിദ്ദീഖ് ബാബുവിന്റെ സേവനജീവിതത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. അലവിക്കുട്ടി, ജാൻസി മോഹൻ, ബാജി എന്നിവർ സംസാരിച്ചു. ജനറൽ സെകട്ടറി ഉണ്ണി തെക്കേടത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് മോഹൻ ബാലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.