ലോക സംഗീത മേളയും പുരസ്കാര നിശയും റിയാദിൽ
text_fieldsജിദ്ദ: 2024ലെ ലോക സംഗീത മേളയും പുരസ്കാര നിശയും റിയാദിൽ നടക്കുമെന്ന് സൗദി മ്യൂസിക് അതോറിറ്റി അറിയിച്ചു. മ്യൂസിക് സിറ്റികളുടെ മേളയാണിത്. മധ്യപൗരസ്ത്യ മേഖലയിൽ ആദ്യമായാണ് ഈ പരിപാടി നടക്കുന്നത്. നിരവധി നഗരങ്ങളുമായി മത്സരിച്ചാണ് ഈ പരിപാടിക്ക് ആതിഥ്യമരുളാൻ റിയാദ് നഗരത്തിന് അവസരം ലഭിച്ചതെന്നും അതോറിറ്റി പറഞ്ഞു. 2024 നവംബർ 14 മുതൽ 16 വരെ റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് പരിപാടികൾ നടക്കുക.
ലോകമെമ്പാടുമുള്ള നൂറിലധികം വിദഗ്ധർ സംഗീത വ്യവസായത്തിലെ വിവിധ വിഷയങ്ങൾ പ്രദർശിപ്പിക്കും. ഒക്ടോബർ മൂന്നു മുതൽ നവംബർ 14 വരെ ആറാഴ്ച കാലയളവിൽ റിയാദിലെ സൗദി മ്യൂസിക് സെൻറർ പഠന പരിപാടികൾ സംഘടിപ്പിക്കും. പ്രാദേശിക, മേഖല തലത്തിലുള്ള 50ലധികം പേർ അതിലുണ്ടാകും. സംഗീത നഗരങ്ങളുടെ സമ്മേളനത്തിലും അവാർഡുകളിലും സംഗീത മേഖലയെ സമ്പന്നമാക്കുന്ന നിരവധി പ്രവർത്തനങ്ങളും പരിപാടികളുമുണ്ടാകും.
സന്ദർശകർക്കും പങ്കെടുക്കുന്നവർക്കും വ്യതിരിക്തമായ സംഗീതാനുഭവം നൽകുന്നതിന് സംഗീതത്തിന്റെ വിവിധ മേഖലകളിലെ ഒന്നിലധികം വൈവിധ്യമാർന്ന വിഷയങ്ങളും ഉൾക്കൊള്ളും. റിയാദ് ഇങ്ങനെയൊരു പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായ അന്താരാഷ്ട്ര സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കാനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.