ലോക രാജ്യങ്ങൾ ഇസ്രായേൽ ബന്ധത്തിന്റെ കാര്യം പുനരാലോചിക്കണം -ഫലസ്തീൻ പ്രസിഡന്റ്
text_fieldsറിയാദ്: ഐക്യരാഷ്ട്രസഭയിലെ ഇസ്രായേലിന്റെ അംഗത്വം സസ്പെൻഡ് ചെയ്യണമെന്ന് സെക്യൂരിറ്റി കൗൺസിലിലും ജനറൽ അസംബ്ലിയിലും ആവശ്യപ്പെടാൻ അറബ്, ഇസ്ലാമിക രാജ്യങ്ങളോട് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആഹ്വാനം ചെയ്തു. റിയാദിൽ അറബ്, ഇസ്ലാമിക ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര നിയമങ്ങളും ലിഖിത കരാറുകളും പാലിക്കുകയും ഫലസ്തീൻ ജനതക്കെതിരായ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ സെക്യൂരിറ്റി കൗൺസിലിലും ജനറൽ അസംബ്ലിയിലും ഐക്യരാഷ്ട്രസഭയിലെ ഇസ്രയേലിന്റെ അംഗത്വം സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടാൻ അറബ്, ഇസ്ലാമിക രാജ്യങ്ങൾ മുന്നോട്ട് വരണം.
ഇസ്രായേൽ കുറ്റകൃത്യങ്ങളും ആക്രമണവും അവസാനിപ്പിക്കാനും ഗസ്സയിൽ മാനുഷിക സഹായങ്ങൾക്ക് പ്രവേശനം ഉറപ്പാക്കാനും അധിനിവേശം പിൻവലിക്കാനും ആവശ്യപ്പെടുകയും ഗസ്സയെ വെസ്റ്റ് ബാങ്കിൽനിന്ന് വേർപെടുത്താനുള്ള ഗൂഢപദ്ധതികൾ തള്ളിക്കളയുകയും ഫലസ്തീൻ രാഷ്ട്രത്തിന് പരമാധികാരം നൽകുകയും ചെയ്യുന്ന യു.എൻ. സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2735 നടപ്പാക്കാൻ നമ്മളെല്ലാവരും പ്രവർത്തിക്കേണ്ടതുണ്ട്.
ലോക രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധം പുനരവലോകനം ചെയ്യണം. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയും വംശഹത്യ നടത്തുകയും യു.എൻ.ആർ.ഡബ്ല്യു.എയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കരുത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തിനനുസൃതമായി ഇസ്രായേലിന് മേൽ ഉപരോധം ഏർപ്പെടുത്താനും അവരുമായുള്ള ബന്ധം പരിമിതപ്പെടുത്താനും രാജ്യങ്ങളോട് ആവശ്യപ്പെടുന്ന പൊതു അസംബ്ലി പ്രമേയം നടപ്പാക്കുകയും അധിനിവേശം അവസാനിപ്പിക്കുകയും ഒരു വർഷത്തിനുള്ളിൽ കുടിയേറ്റം നിർത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ജറുസലേമിനെ സംരക്ഷിക്കാനും അവിടത്തെ ജനങ്ങളുടെ ദൃഢതയെ പിന്തുണക്കാനും അൽഅഖ്സ പള്ളിക്കും വിശുദ്ധ നഗരത്തിലെ ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളുടെ ചരിത്രപരവും നിയമപരവുമായ പദവിക്കും ദോഷം വരുത്തുന്നത് തടയാനും ഫലസ്തീൻ പ്രസിഡന്റ് ആഹ്വാനം ചെയ്തു.
ഫലസ്തീൻ രാഷ്ട്രം രൂപപ്പെടുത്തുന്നതിനും ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നേടുന്നതിനും അറബ് സമാധാന സംരംഭം നടപ്പാക്കുന്നതിനും അന്താരാഷ്ട്ര സഖ്യത്തെ പിന്തുണക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഞങ്ങളുടെ സമ്പത്ത് വിട്ടുകിട്ടുന്നതിനും സാമ്പത്തിക സുരക്ഷാവലയം ഒരുക്കുന്നതിനും യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഫലസ്തീനിൽ അതിന്റെ ദൗത്യങ്ങൾ തുടരാൻ പ്രാപ്തമാക്കുന്നതിനും ഇസ്രായേൽ ഗവൺമെന്റിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരതയും സമാധാനവും കൈവരിക്കുന്നതിനുള്ള അടിത്തറയായി ഫലസ്തീൻ രാഷ്ട്രത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി പറഞ്ഞു. ഈ ഉച്ചകോടിയിൽ പങ്കെടുത്ത് ഫലസ്തിനിലെ ജനങ്ങൾക്ക് പിന്തുണ നൽകുന്ന സഹോദര നേതാക്കൾക്കും ഫലസ്തീൻ പ്രസിഡന്റ് നന്ദി അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.