ലോക ടൂറിസം സൂചിക: സൗദി മുപ്പത്തിമൂന്നാം സ്ഥാനത്ത്
text_fieldsജിദ്ദ: ലോക സാമ്പത്തിക ഫോറത്തിന്റെ ടൂറിസം സൂചികപ്രകാരം രാജ്യം ആഗോളതലത്തിൽ 33-ാം സ്ഥാനത്തേക്ക് ഉയർന്നുവെന്ന് സൗദി ടൂറിസം അസിസ്റ്റന്റ് മന്ത്രി പ്രിൻസസ് ഹൈഫ ബിൻത് മുഹമ്മദ് അൽ സൗദ് പറഞ്ഞു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിനോദസഞ്ചാര മേഖലയിൽ സൗദി ഏറ്റവും മെച്ചപ്പെട്ട രാജ്യമാണ്. 2021ൽ ആറുകോടി സഞ്ചാരികൾ രാജ്യം സന്ദർശിച്ചു. നേരേത്തയുണ്ടായിരുന്ന മതപരമായ സന്ദർശനങ്ങളെ അപേക്ഷിച്ച് രാജ്യം അതിന്റെ ദേശീയ ടൂറിസം തന്ത്രം ആരംഭിച്ചപ്പോൾ നാലുകോടി സന്ദർശകരുണ്ടായിരുന്നതാണ് രണ്ടു കോടി വർധിച്ച് ആറ് കോടിയിലെത്തിയത്. ടൂറിസം, കരാർ, ബിസിനസ് അന്തരീക്ഷം എന്നീ മേഖലയിലെ മികച്ച 10 രാജ്യങ്ങളിൽ ഒന്നായി രാജ്യം മികച്ച പ്രകടനം കാഴ്ചവെച്ചു.
രാജ്യത്തെ ഇടത്തരം ചെറുകിട കമ്പനികളിൽ 42 ശതമാനം സ്ത്രീകളാണ്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ കാര്യത്തിൽ രാജ്യം ലക്ഷ്യംവെക്കുന്ന വിഷൻ 2030ൽ പ്രതീക്ഷിച്ച നിരക്കുകളേക്കാൾ ഉയർന്ന തോതാണിത്. രാജ്യത്ത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിലുള്ള ശമ്പളവും തൊഴിലവസരങ്ങളും തുല്യമാണ്. സർവകലാശാലകളിൽനിന്ന് ബിരുദം നേടുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്. രാജ്യം നിലവിലെ വ്യവസ്ഥകൾ അതേപടി പാലിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ്. മദ്യപാന നിരോധനവുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ പാലിക്കുന്നത് തുടരും. ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിട്ടും രാജ്യം വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് തുടരുകയാണെന്നും ഈ മേഖലയിൽ ആഗോളതലത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.