വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്: അറബ് മേഖലയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഒന്നാമത്
text_fieldsജിദ്ദ: ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ അറബ് മേഖലയിലെ 157 സർവകലാശാലകളുടെ കൂട്ടത്തിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി (കെ.എ.യു) ഒന്നാമത്. ഇൗ വർഷത്തെ ടൈംസ് ഹയർ എജുക്കേഷൻ വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് സർവേയിലാണ് ഇൗ കണ്ടെത്തൽ.
ഇത് അനുസരിച്ച് മികച്ച 10 അറബ് സർവകലാശാലകളുടെ പട്ടികയിൽ അഞ്ചെണ്ണം സൗദിയിലേതാണ്. അറബ് മേഖലയിൽ രണ്ടാം സ്ഥാനത്ത് ഖത്തർ യൂനിവേഴ്സിറ്റിയാണ്. പടിഞ്ഞാറൻ സൗദിയിലെ തൂവലിലുള്ള കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കെ.എ.യു.എസ്.ടി) മൂന്നാം സ്ഥാനത്തും അൽഖോബാറിലെ അമീർ മുഹമ്മദ് ബിൻ ഫഹദ് യൂനിവേഴ്സിറ്റി നാലാം സ്ഥാനത്തും ദഹ്റാനിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ് അഞ്ചാം സ്ഥാനത്തും റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി എട്ടാം സ്ഥാനത്തുമാണ്. യു.എ.ഇയിലെ ഖലീഫ യൂനിവേഴ്സിറ്റിക്ക് ആറും യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റിക്ക് ഏഴും റാങ്കുണ്ട്.
93 രാജ്യങ്ങളിലെ 1,500ലധികം സർവകലാശാലകളിൽ ടൈംസ് ഹയർ എജുക്കേഷൻ മാഗസിൻ നടത്തിയ സർവേയിൽ നിന്നാണ് യൂനിവേഴ്സിറ്റികളുടെ റാങ്കിങ് നിശ്ചയിച്ചത്. ഈ വിഭാഗത്തിൽ നടത്തുന്ന ഇന്നുവരെയുള്ള ഏറ്റവും വലുതും വൈവിധ്യപൂർണവുമായ സർവേ ആണിത്.
ലോക റാങ്കിങ്ങിൽ തുടർച്ചയായി അഞ്ചാം വർഷവും ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല ഒന്നാം സ്ഥാനത്തെത്തി. അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാലയും ഹാർവഡ് സർവകലാശാലയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ലോക റാങ്കിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിൽ എട്ടും അമേരിക്കൻ സർവകലാശാലകൾക്കാണ്. ചൈനയിലെ സിൻഗ്വ സർവകലാശാല ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടിയ ആദ്യത്തെ ഏഷ്യൻ സർവകലാശാലയായി.
അധ്യാപനം, ഗവേഷണം, വിജ്ഞാനക്കൈമാറ്റം, അന്താരാഷ്ട്ര കാഴ്ചപ്പാട് എന്നിങ്ങനെ നാല് മേഖലകളിൽ സ്ഥാപനങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിങ് പട്ടിക. 1.3 കോടിയിലധികം ഗവേഷണ പ്രസിദ്ധീകരണങ്ങളിലായി എട്ടു കോടിയോളം അവലംബങ്ങൾ വിശകലനം ചെയ്യുകയും ആഗോളതലത്തിൽ 22,000 പണ്ഡിതന്മാരിൽ നിന്നുള്ള സർവേ പ്രതികരണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ വർഷത്തെ റാങ്കിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.