നിക്ഷേപ വഴികൾ തുറന്നും ബന്ധങ്ങൾ സുദൃഡമാക്കിയും ഷി ജിൻപിങ് മടങ്ങി
text_fieldsറിയാദ്: സൗദി അറേബ്യയുമായുള്ള വ്യാപാര, നിക്ഷേപ ഇടപാടുകൾ ഉറപ്പിച്ചും ഗൾഫ്, അറബ് നാടുകളുമായുള്ള ബന്ധങ്ങൾ സുദൃഢമാക്കിയും ത്രിദിന ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മടങ്ങി. ശനിയാഴ്ച ബീജിങ്ങിലേക്ക് മടങ്ങിയ ചൈനീസ് പ്രസിഡന്റിനെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും റിയാദ് മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസും ചേർന്ന് യാത്രയാക്കി.
ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം സൗദി തലസ്ഥാനത്തെത്തിയ ഷി ജിൻപിങ്ങിന് സമീപ കാലത്ത് മറ്റേതൊരു രാഷ്ട്ര നേതാവിനും ലഭിച്ചതിനേക്കാൾ ഊഷ്മളവും പ്രൗഢഗംഭീരവുമായ സ്വീകരണമാണ് ലഭിച്ചത്.
രണ്ട് രാവുകളും ഒരു പകലും സൗദി തലസ്ഥാനത്ത് തങ്ങിയ ചൈനീസ് പ്രസിഡന്റ് മൂന്ന് ഉച്ചകോടികളിലാണ് സംബന്ധിച്ചത്. ആദ്യദിനം നടന്ന സൗദി-ചൈന ഉച്ചകോടി, വെള്ളിയാഴ്ചയിലെ ജി.സി.സി, അറബ് രാഷ്ട്ര ഉച്ചകോടികളാണവ. ഊർജ സമ്പന്നമായ മധ്യപൗരസ്ത്യ മേഖലയുമായുള്ള ചരിത്രപരമായ ബന്ധത്തിലെ നാഴികക്കല്ലായി സന്ദർശന വേളയിൽ നടന്ന ചർച്ചകളെ ജിൻപിങ് വിശേഷിപ്പിച്ചു. ഗൾഫ് മേഖലയുടെ സുരക്ഷയും ഊർജരംഗത്തെ സഹകരണവും അറബ് രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധങ്ങളിൽ വന്ന പുരോഗതിയും പ്രസിഡന്റ് എടുത്തുപറഞ്ഞു.
റഷ്യയുടെ യുക്രൈൻ അധിനിവേശ പശ്ചാത്തലത്തിൽ ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണ ഉൽപാദനം വെട്ടിക്കുറക്കുന്നത് തടയാൻ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദത്തെ അവഗണിച്ച് സൗദി അറേബ്യ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയ പ്രതീതി ഉളവാക്കുന്നതായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെയും ഭാഗത്ത് നിന്ന് വന്ന പ്രസ്താവനകൾ. മധ്യപൗരസ്ത്യമേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ഷി ജിൻപിങ്ങിന്റെ ഈ ഘട്ടത്തിലെ സൗദി സന്ദർശനത്തെ അന്താരാഷ്ട്ര മാധ്യമങ്ങളും രാഷ്ട്രീയ വിശകലന വിദഗ്ധരും ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷിച്ചത്.
പ്രസിഡന്റിന്റെ സന്ദർശനവും ചർച്ചകളും സൗദി-ചൈനീസ് നേതൃത്വങ്ങളുടെ തന്ത്രപരമായ നീക്കങ്ങളുടെ വിജയമായാണ് മിക്ക മാധ്യമങ്ങളും വിലയിരുത്തിയത്. നടന്നുകഴിഞ്ഞ ചർച്ചകളും രൂപപ്പെട്ട കരാറുകളും ചൈനയുടെയും അറബ് നാടുകളുടെയും ശോഭനമായ ഭാവിയിലേക്ക് നയിക്കുന്നവയാണെന്നാണ് ഉച്ചകോടികൾക്ക് ശേഷം ഷി ജിൻപിങ് പ്രതികരിച്ചത്.
ഉച്ചകോടികളിലെ ചർച്ചകളും തീരുമാനങ്ങളും തങ്ങൾ ആഗ്രഹിച്ച രീതിയിലായിരുന്നുവെന്ന് തെളിയിക്കുന്ന പ്രസ്താവനകളാണ് തുടർന്ന് ഇരുപക്ഷത്ത് നിന്നും ഉണ്ടായത്. നിക്ഷേപ കരാറുകളും ഊർജ മേഖലയിലെ സഹകരണവും സൗദിക്കും ചൈനക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്നവയാണ് എന്നാണ് പൊതുവായ വിലയിരുത്തൽ. ആഗോള വ്യാപാര രംഗത്ത് നിലവിലുള്ള കറൻസിയായ ഡോളറിനപ്പുറം ചൈനീസ് കറൻസിയായ യുവാനിൽ എണ്ണയും വാതകവും വാതകവും വാങ്ങാൻ ശ്രമിക്കുമെന്ന് ഉച്ചകോടിയിൽ അറബ് രാഷ്ട്ര നേതാക്കളോട് പറഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ കറൻസി സ്ഥാപിക്കാനും ആഗോള വ്യാപാര രംഗത്ത് യു.എസ് ഡോളറിന്റെ പിടി ദുർബലപ്പെടുത്താനുമുള്ള ബിജിങ്ങിന്റെ നീക്കമായി ഇതിനെ നീരീക്ഷകർ വ്യാഖ്യാനിക്കുന്നുണ്ട്.
റിയാദ് കേന്ദ്രമായി നടന്ന ഉച്ചകോടികളുടെ സംഘാടകനും അധ്യക്ഷനുമായിരുന്ന സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മേഖലയിലെ പ്രധാന നേതാവായി ഉയരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു. രാഷ്ട്രങ്ങളുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കേണ്ടതുണ്ടെന്നും ബാഹ്യ ഇടപെടലുകളെ ചെറുക്കാൻ ഒരുമിച്ചു നിൽക്കുമെന്നുമുള്ള സൗദി ചൈന സംയുക്ത പ്രസ്താവനയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുമെന്ന ചൈനീസ് പ്രസിഡന്റിന്റെ ഉറപ്പും കിരീടാവകാശിയുടെ സമർഥമായ നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. സൗദിയും ചൈനയും തമ്മിൽ ഒപ്പുവെച്ച വിവിധ കരാറുകളും ഊർജമേഖലയിലെ സഹകരണവും സൗദിയുടെ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030'-നും ചൈനയുടെ 'ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവി'-നും ഏറെ ഗുണം ചെയ്യുമെന്ന് ഇരു രാഷ്ട്രങ്ങളും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.