ഷിയുടെ സന്ദർശനം സൗദി-ചൈന സാംസ്കാരിക ബന്ധങ്ങളുടെ ആഴം വർധിപ്പിക്കും
text_fieldsറിയാദ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ സൗദി സന്ദർശനം മൂന്ന് ഉച്ചകോടികൾക്കും നിരവധി കരാറുകൾക്കും വഴിവെക്കുന്നതോടൊപ്പം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ഇഴയടുപ്പം വർധിപ്പിക്കുന്നതിനുള്ള അവസരമായും മാറും. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് ആലുശൈഖിന്റെ ക്ഷണപ്രകാരമാണ് ഷി ജിൻ പിങ്ങിന്റെ സന്ദർശനം. 1990ൽ നയതന്ത്രബന്ധം ഔപചാരികമാക്കിയത് മുതൽ ഇരുരാജ്യങ്ങളും വളർത്തിയെടുത്തിരുന്ന പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സാംസ്കാരിക ബന്ധം അരക്കിട്ടുറപ്പിക്കുന്നതാകും ചൈനീസ് പ്രസിഡന്റിന്റെ ത്രിദിന സന്ദർശനം.
ഫെബ്രുവരിയിൽ നടന്ന റിയാദ് സീസൺ വിനോദോത്സവത്തിന്റെ ഭാഗമായി ബോളിവാർഡ് സോണിൽ സംഘടിപ്പിച്ച ചൈനീസ് വസന്തോത്സവം (ചാന്ദ്ര പുതുവത്സരം) ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ആഴം വിളിച്ചോതുന്നതായിരുന്നു.
ചൈനീസ് പരമ്പരാഗത ചിഹ്നങ്ങളും ചിത്രങ്ങളും അറബി, ചൈനീസ് ലിപികളിലെഴുതിയ ആശംസ വചനങ്ങളും പ്രദർശിപ്പിക്കപ്പെട്ട വർണാഭമായ ആഘോഷ ചടങ്ങിൽ സൗദിയിലെ ചൈനീസ് സ്ഥാനപതി ചെൻ വെയ്ക്കിങ്ങും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 'ഞങ്ങളെ സംബന്ധിച്ച് ഇത് വലിയൊരു ബഹുമതിയാണ്. ഉഭയകക്ഷി ബന്ധത്തിൽ പുതിയൊരു സാംസ്കാരിക യുഗത്തിന്റെ തുടക്കമാണിത്' എന്നാണ് വെയ്ക്കിങ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
ഈമാസം മൂന്നിന് അൽഉലയിലെ അൽഫാൻ താഴ്വരയിൽ നടന്ന, ലോകപ്രശസ്ത പ്രതിഭകൾ അണിനിരന്ന സംഗീതോത്സവത്തിലെ പ്രധാന ഇനം ചൈനീസ് സംഗീതജ്ഞനും ഗായകനും കലാസംവിധായകനുമായ റൂയി ഫുവിന്റെ 'ഒമ്പത് ഗാനങ്ങളാ'യിരുന്നു. ഒന്നാം നൂറ്റാണ്ടിലെ ചൈനീസ് കവിതകളുടെ സമാഹാരത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട ഫുവിന്റെ ഉപകരണ സംഗീതം അൽഉലയുടെ ഭൂമിശാസ്ത്ര ഘടനക്ക് അനുയോജ്യമായതാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ സൗദി അധികൃതരെ പ്രേരിപ്പിച്ചത്.
ഇക്കൊല്ലം ജൂണിൽ റിയാദ് കിങ് ഫഹദ് നാഷനൽ ലൈബ്രറിയുടെ പുസ്തക സമാഹാരത്തിലേക്ക് ചൈനീസ് ദേശീയ പുസ്തകശാല നൽകിയ ഗ്രന്ഥങ്ങൾ കൂടി ഉൾപ്പെടുത്തുകയും 'ചൈനീസ് ബുക്ക് കോർണർ' സ്ഥാപിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത മാസം ലോകത്തിലെ ഏറ്റവും വലിയ ഊർജ, രാസ കമ്പനികളിലൊന്നായ ചൈനയിലെ 'സിനോപിക്' ചൈനീസ് സംസ്കാരവുമായി ബന്ധപ്പെട്ട 2000 പുസ്തകങ്ങൾ സൗദി നാഷനൽ ലൈബ്രറി ഗ്രന്ഥശേഖരത്തിലേക്ക് നൽകുകയും ചെയ്തു.
സാംസ്കാരികരംഗത്തെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്ന നടപടികളാണ് ഇതെല്ലാമെന്ന് ചൈനീസ് സ്ഥാനപതി അടക്കം ഇരുരാജ്യത്തെയും ഉന്നതോദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ കിങ് ഫഹദ് ലൈബ്രറി സെക്രട്ടറി ഡോ. മൻസൂർ ബിൻ അബ്ദുല്ല അൽസാമിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2019ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ചൈന സന്ദർശനവേളയിൽ സൗദി അറേബ്യ 'സംയുക്ത സാംസ്കാരിക അവാർഡ്' പ്രഖ്യാപിച്ചിരുന്നു. കിരീടാവകാശിയെ അനുഗമിച്ച സൗദി സാംസ്കാരികമന്ത്രി അമീർ ബദർ ബിൻ ഫർഹാൻ ബെയ്ജിങ് സർവകലാശാലയിലെ കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി സന്ദർശിച്ചപ്പോഴായിരുന്നു അവാർഡ് പ്രഖ്യാപനം. 2017ൽ സൽമാൻ രാജാവ് തന്റെ ഔദ്യോഗിക ചൈന സന്ദർശന വേളയിലാണ് ഈ ലൈബ്രറി ഉദ്ഘാടനം ചെയ്തത്. ഈ സന്ദർഭത്തിൽ ബെയ്ജിങ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി സൽമാൻ രാജാവിനെ ആദരിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളിലെയും മികച്ച അക്കാദമിക് വിദഗ്ധർ, ഭാഷാ ശാസ്ത്രജ്ഞർ, വിവർത്തന വിദഗ്ധർ, സർഗ പ്രതിഭകൾ, സാംസ്കാരിക വ്യക്തിത്വങ്ങൾ എന്നിവർക്കാണ് ഈ ആവാർഡുകൾ നൽകുന്നത്. സൗദിയുടെ വിഷൻ-2030, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവ് എന്നീ പരിവർത്തന പദ്ധതികളുടെ പൊതുവായ ലക്ഷങ്ങളുടെ ഭാഗമാണ് ഈ അവാർഡുകൾ.
2019ലെ കിരീടാവകാശിയുടെ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളിലെയും ഭാഷകൾ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താനും ധാരണയായിരുന്നു. ഷിയുടെ ഇപ്പോഴത്തെ സൗദി സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ പുതിയ സാംസ്കാരിക പാലങ്ങൾ നിർമിക്കുന്നതിനും അക്കാദമികവും കലാപരവുമായ അവസരങ്ങൾ വർധിപ്പിക്കുന്നതിനും നിമിത്തമാകുമെന്നാണ് പൊതുവായ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.