യമന്‍ സമാധാന കരാര്‍ സൗദിയിൽ ഒപ്പുവെച്ചു
text_fieldsറിയാദ്: സമാധാന ശ്രമങ്ങളുടെ ഭാഗമായി തെക്കന്‍ യമന്‍ വിഭജന വാദികളും യമന്‍ ഭരണകൂ ടവും സൗദിയില്‍ സമാധാന കരാര്‍ ഒപ്പു വെച്ചു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ സാന്നിധ്യത്തിലാണ് നേരത്തേ ധാരണയിലെത്തിയ കരാര്‍ ഒപ്പുവെച്ചത്. ഏറ്റുമുട്ടലിലായിരുന്ന വിഭജനവാദികളും സര്‍ക്കാറും കരാര്‍ ഒപ്പുവെച്ചതോടെ ഹൂതികള്‍ക്കെതിരായ നീക്കത്തിന് ശക്തിയേറുമെന്നാണ് സഖ്യസേനയുടെ പ്രതീക്ഷ. റിയാദിലാണ് യമെൻറ ഭാവി നിർണയിക്കുന്ന സുപ്രധാന കരാര്‍ ഒപ്പുവെച്ചത്.യു.എ.ഇയും സൗദിയും യമനും ഒന്നിച്ച് നടത്തിയ ചര്ച്ചക്കൊടുവിലുണ്ടാക്കിയ ധാരണ പ്രകാരമാണ് കരാര്‍. കരാര്‍ പ്രകാരം ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ തെക്കന്‍ വിഭജനവാദികളുടെ ഭരണപ്രാതിനിധ്യം വര്‍ധിപ്പിച്ചു. ഇതോടെ 12 മന്ത്രിമാര്‍ തെക്കന്‍ വിഭജന വാദികള്‍ക്കും 12 പേര് യമന്‍ ഭരണകൂടത്തിനുമുണ്ടാകും. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന്, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് എന്നിവര്‍ കരാര്‍ ചടങ്ങിന് നേതൃത്വം നല്കി.
പ്രക്ഷോഭത്തെ തുടര്‍ന്ന് സൗദിയില്‍ കഴിയുന്ന മുന്‍ യമന്‍ പ്രസിഡൻറ് അബ്ദുർറബ്ബ് മന്‍സൂര്‍ ഹാദിയും തെക്കന്‍ വിഭജനവാദി നേതൃത്വവും കരാറില്‍ ഒപ്പുവെച്ചു. ഇത് പോസിറ്റിവായ നീക്കമാണെന്ന് ഏദൻ സ്വദേശി അബ്ദുല്ല ഖാഇദ് പറഞ്ഞു. സമാധാനത്തിലേക്ക് നീങ്ങുമെന്നും കരാര്‍ നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇനിയൊരു ഏറ്റുമുട്ടലുണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ പിന്തുണയുള്ള തെക്കന്‍ വിഭജന വാദികള്‍ തെക്കന്‍ യമന്‍ ആസ്ഥാനമായി പ്രത്യേക രാഷ്ട്രം ആവശ്യപ്പെടുന്നവരാണ്. ഇതിനായി രൂപവത്കരിച്ച സതേണ്‍ ട്രാൻസിഷനൽ കൗൺസിലിന് കീഴില്‍ പ്രത്യേക സൈന്യവും ഭരണ പ്രദേശങ്ങളുമുണ്ടായിരുന്നു. യമന്‍ തലസ്ഥാനമായ സന്‍ആ ഹൂതികള്‍ കൈയടക്കിയതോടെ യമെൻറ താല്‍ക്കാലിക തലസ്ഥാനമാക്കിയ ഏദന്‍ വിഭജനവാദികളും കൈയടക്കിയിരുന്നു. സായുധ ശേഷിയുള്ള തെക്കന്‍ വിഭജന വാദികള്‍ ഏദെൻറ പ്രധാന ഭാഗങ്ങള്‍ കൈയേറിയിരുന്നു. ഇതോടെ ഹൂതികളുമായുള്ള യമന്‍ ഭരണകൂട ഏറ്റുമുട്ടല്‍ ദുര്‍ബലമായി. ഇത് നടപ്പാകുന്നതോടെ ഹൂതികള്‍ക്കെതിരായ നീക്കം എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.