സുസ്ഥിരത, ഉയർന്ന ജീവിതനിലവാരം മാതൃകയായി യാംബു നഗരം
text_fieldsയാംബു: സുസ്ഥിരമായ വ്യവസായ വളർച്ചയുടെയും ഉന്നത ജീവിത നിലവാരത്തിെൻറയും മാതൃകയായി സൗദി അറേബ്യയിലെ യാംബു വ്യവസായ നഗരം. യാംബു റോയൽ കമീഷൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായ നഗരത്തിെൻറ വികസന കാഴ്ചപ്പാട് സംയോജിത സംവിധാനങ്ങളും മാനദണ്ഡങ്ങളും മികച്ച പരിസ്ഥിതി മാനേജ്മെൻറ് രീതികളും അടിസ്ഥാനമാക്കിയുള്ളതാണ്. ചെങ്കടൽ തീരത്തുള്ള ഏറ്റവും വലിയ വ്യവസായിക തുറമുഖം, രാജ്യത്തെ രണ്ടാമത്തെ വലിയ വ്യവസായിക സമുച്ചയം, ലോകത്തിലെ നാലാമത്തെ വലിയ ക്രൂഡ് ഓയിൽ റിഫൈനറി എന്നീ നിലകളിൽ ആഗോളതലത്തിൽതന്നെ ശ്രദ്ധേയമായ നഗരമാണ് യാംബു.
606 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരം പരിസ്ഥിതിയും ഊർജവും സംരക്ഷിക്കുന്നതിലും ജലക്ഷമതയുള്ളതിലും പ്രദേശവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും മാലിന്യ സംസ്കരണത്തിലും ശ്രദ്ധേയമായ വിജയം കൈവരിച്ചതും ശ്രദ്ധേയ നേട്ടമായി റിപ്പോർട്ട് ചെയ്തു. യാംബുവിലെ മനോഹരമായ വാട്ടർ ഫ്രണ്ട് പാർക്കും ജലാശയവും ചെറുതും വലുതുമായ 37 പാർക്കുകളും 4,864,799 ചതുരശ്ര മീറ്റർ വിശാലമായ പച്ചപ്പും ലക്ഷത്തോളം മരങ്ങളും സന്ദർശകരെ ഹഠാദാകർഷിക്കുന്നു. ഊർജ, പരിസ്ഥിതി രൂപകല്പന മേഖലകളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ചതിന് ആഗോളതലത്തിലുള്ള അംഗീകാരം വ്യവസായ നഗരത്തിന് ലഭിച്ചു.
യുനെസ്കോ ഗ്ലോബൽ നെറ്റ് വർക്ക് ഓഫ് ലേണിങ് സിറ്റിയിൽ യാംബു വ്യവസായ നഗരവും ഉൾപ്പെടുത്തിയത് ഈയിടെയാണ്. മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് യുനെസ്കോയുടെ അംഗീകാരം ലഭിച്ച സൗദിയിലെ രണ്ടാമത്തെ നഗരമായി യാംബു മാറിയതും മികവുറ്റ നേട്ടമായി വിലയിരുത്തുന്നു. പരിസ്ഥിതി ആഘാതം കുറക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുക്കൾ വീണ്ടും റീസൈക്കിൾ വഴി പ്രയോജനപ്പെടുത്താൻ റോയൽ കമീഷൻ വിവിധ പദ്ധതികൾ നടപ്പാക്കിയതും വിജയപ്രദമായി.
ഒഴിവാക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് പുനരുൽപാദനം നടത്തി പാർക്കുകളിലും വഴിയോരങ്ങളിലും ശിൽപങ്ങളും ആകർഷണീയ വസ്തുക്കളുമാക്കി വ്യാപകമായി പ്രദർശിപ്പിക്കാനും യാംബു റോയൽ കമീഷൻ അതോറിറ്റി ആവിഷ്കരിച്ച പദ്ധതി ഫലപ്രദമായതും മാതൃക നേട്ടമായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.