വർണാഭമായ യാംബു പുഷ്പമേളക്ക് നാളെ സമാപനം
text_fieldsയാംബു: യാംബുവിലെ പൂക്കളുടെ മഹോത്സവത്തിന് നാളെ (ചൊവ്വാഴ്ച) കൊടിയിറങ്ങും. മാർച്ച് ഒമ്പതിന് സമാപിക്കേണ്ടിയിരുന്ന മേള സന്ദർശകരുടെ അഭൂതപൂർവമായ തിരക്കുകാരണം ഏപ്രിൽ 30 വരെ നീട്ടുകയായിരുന്നു. വാരാന്ത്യ അവധി ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നും പതിനായിരങ്ങളാണ് പുഷ്പ നഗരിയിലെ കാഴ്ചകൾ കാണാനെത്തിയത്. മലയാളി വിനോദ യാത്രാ സംഘങ്ങളും കുടുംബങ്ങളും കഴിഞ്ഞ വർഷത്തെക്കാൾ വൻതോതിലാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ വർഷം മേള കാണാനെത്തിയത്. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം യാംബു പുഷ്പമേള കാണാനെത്തിയതായി സംഘാടകർ അറിയിച്ചു.
ആഗോള ശ്രദ്ധനേടിയ സൗദി-യാംബു പുഷ്പമേളയിൽ മൂന്ന് ലോക റെക്കോഡുകളാണ് ഇത്തവണ നേടിയത്. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട. പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്. ഏറ്റവും വലിയ റോക്കറ്റിന്റെ മാതൃക എന്നിവയാണത്. അതിവിശാലമായ പൂ പരവതാനിക്ക് രണ്ടു തവണ ഗിന്നസ് വേൾഡ് റെക്കോഡ് യാംബു പുഷ്പമേള നേരത്തേ സ്വന്തമാക്കിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ മുടങ്ങിയ മേളയാണ് നൂതനവും അത്യാകർഷകവുമായ പരിപാടികളുമായി നാലു വർഷത്തിനു ശേഷം വീണ്ടും ഈ വർഷം കടന്നുവന്നത്. അപരിചിതമായ പുഷ്പാനുഭവങ്ങൾ സന്ദർശകർക്ക് പകർന്ന് തരുന്ന വർണ വൈവിധ്യങ്ങളുടെ പൂക്കളുടെ വസന്തോത്സവം യാംബു റോയൽ കമീഷനിലെ യാംബു- ജിദ്ദ ഹൈവേ റോഡിന്റെ ഓരം ചേർന്നുള്ള അൽ മുനാസബാത്ത് പാർക്കിലാണ് നടക്കുന്നത്. പുഷ്പമേളയുടെ സമാപനദിവസം സന്ദർശകർക്കായി പ്രത്യേക പരിപാടികൾ ഒരുക്കുന്നുണ്ടെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.