യാംബു പുഷ്പോത്സവം; കരകൗശല വസ്തുക്കളുടെ മത്സരവും പ്രദർശനവും
text_fieldsയാംബു: യാംബു റോയൽ കമീഷൻ ജനുവരി 28 മുതൽ ഫെബ്രുവരി 27 വരെ അൽ മുനാസബാത്ത് പാർക്കിലൊരുക്കുന്ന 15ാമത് യാംബു പുഷ്പോത്സവത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്ക് പാഴ്വസ്തുക്കളുടെ പുനരുപയോഗ മത്സരം സംഘടിപ്പിക്കുന്നു.
ഒഴിവാക്കുന്ന വസ്തുക്കളുപയോഗിച്ചുണ്ടാക്കുന്ന കരകൗശല വസ്തുക്കളുടെ നിർമാണ മത്സരത്തിൽ യാംബു വ്യവസായ നഗരിയിലുള്ളതും പുറത്തുള്ളതുമായ എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാം. മത്സരത്തിൽ വിജയിക്കുന്ന വിദ്യാർഥികളുടെ കരകൗശല വസ്തുക്കൾ പുഷ്പമേളയിൽ പ്രദർശിപ്പിക്കുമെന്ന് സംഘാടകരായ യാംബു റോയൽ കമീഷൻ സാനിറ്ററി ഡിപാർട്ട്മെൻറ് അറിയിച്ചു.
പരിസ്ഥിതി ആഘാതം കുറക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുക്കൾ വീണ്ടും റീസൈക്കിളിങ് വഴി പ്രയോജനപ്പെടുത്തുന്നതിനുമായി അവതരിപ്പിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് വർഷങ്ങളായി ഇങ്ങനെ മത്സരം സംഘടിപ്പിച്ചുവരുന്നത്. കരകൗശല വിരുതിൽ വിസ്മയം തീർത്ത കുട്ടികളുടെ വിവിധ ശില്പങ്ങൾ സന്ദർശകരെ കഴിഞ്ഞ വർഷത്തെ പുഷ്പമേളയിൽ ഏറെ ആകർഷിച്ചിരുന്നു.
റോഡിലും മറ്റും വലിച്ചെറിയുന്ന കുപ്പികൾ, പേപ്പറുകൾ, പ്ലാസ്റ്റിക്, ഉപയോഗ ശൂന്യമായ വിവിധ വസ്തുക്കൾ, ലോഹങ്ങൾ, ഗ്ലാസ് എന്നിവ മാത്രമുപയോഗിച്ചാണ് കരകൗശല നിർമാണം നടത്തേണ്ടത്. യാംബു റോയൽ കമീഷൻ ലാൻഡ് മാർക്കുകൾ, സമുദ്ര സംബന്ധമായ വിഷയങ്ങൾ, കാടുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നീ മൂന്നു വിഷയങ്ങളിൽ ഒന്നിൽ ഊന്നിയാണ് കരകൗശല വസ്തുക്കൾ ഉണ്ടാക്കേണ്ടത്.
ഇത്തരം നിർമിതികൾക്ക് മികച്ച സമ്മാനങ്ങൾ നൽകുമെന്നും മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തീയതി ജനുവരി 23 ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.