മലരണിക്കാടുകള്‍ തിങ്ങിവിങ്ങി...
text_fieldsവാരാന്ത്യ അവധി ദിനത്തിൽ യാംബു പുഷ്പോത്സവം കാണാനെത്തിയവർ
യാംബു: എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍മാത്രം എന്ന് കവി പാടിയപോലെയാണ് ഇപ്പോൾ യാംബു നഗരത്തിലെ കാഴ്ചകൾ. മലരണിക്കാടുകള്‍ തിങ്ങിവിങ്ങിയും മരതകകാന്തിയില്‍ മുങ്ങിമുങ്ങിയും ആളുകളുടെ കരളും മിഴിയും കവര്‍ന്നെടുത്തിരിക്കുകയാണ് 15ാമത് യാംബു പുഷ്പമേള. അപൂർവമായ ഈ വസന്തോത്സവം നുകരാൻ യാംബുവിലേക്ക് ജനം പ്രവഹിക്കുകയാണ്.
വാരാന്ത്യ അവധി ദിനങ്ങളിൽ ജിദ്ദ, മദീന, തബൂക്ക്, ത്വാഇഫ്, മക്ക എന്നിവടങ്ങളിൽ നിന്ന് മലയാളി വിനോദ യാത്രസംഘങ്ങളും കുടുംബങ്ങളും വൻതോതിൽ യാംബുവിലെത്തി. ജിദ്ദയിലെ വിവിധ പ്രവാസി കൂട്ടായ്മകൾ, കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, തനിമ തുടങ്ങിയ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ കുടുംബസമേതം നൂറുകണക്കിനാളുകൾ വെള്ളി, ശനി ദിവസങ്ങളിൽ പുഷ്പോത്സവം കാണാനെത്തി. വെള്ളിയാഴ്ച ജിദ്ദയിൽനിന്ന് മാത്രം മലയാളി കൂട്ടായ്മകളുടെ കീഴിൽ അറുപതോളം ബസുകളിൽ സന്ദർശകർ എത്തിയിരുന്നു.
യാംബു റോയൽ കമീഷൻ ജിദ്ദ ഹൈവേ റോഡിനോട് ചേർന്ന അൽ മുനാസബാത്ത് പാർക്കിലൊരുക്കിയ മേള ഫെബ്രുവരി 27 വരെ വരെ നീളും. വൈകീട്ട് നാല് മുതൽ രാത്രി 12 വരെയാണ് സന്ദർശന സമയം. 11.50 സൗദി റിയാലാണ് ടിക്കറ്റ് നിരക്ക്. https://window.rcjy.gov.sa/RCJYReservation/ എന്ന വെബ് സൈറ്റിലൂടെയും ടിക്കറ്റെടുക്കാം.
പൂക്കളുടെ അപൂർവ സംഗമം ഒരു നോക്ക് കാണാനും പൂക്കൾകൊണ്ട് മനോഹരമായി രൂപകൽപന ചെയ്ത പരവതാനികൾക്കും കുന്നുകൾക്കും അരികിൽനിന്ന് ഒരു ഒരു ‘സെൽഫി’യെടുക്കാനും സന്ദർശകരുടെ വലിയ തിരക്കാണ് വൈകുന്നേരങ്ങളിൽ അനുഭവപ്പെടുന്നത്. പുഷ്പോത്സവം 10 ദിവസം പിന്നിട്ടപ്പോഴേക്കും പതിനായിരങ്ങളാണ് മേള കാണാനെത്തിയത്.
നഗരിയിലൊരുക്കിയ പൂച്ചെടികളുടെയും വിത്തുതൈകളുടെയും പ്രദർശനവും വിൽപനയും നടക്കുന്ന പവിലിയനുകളിലും നല്ല തിരക്കാണ്. നഗരിയുടെ പൂർണമായ നിയന്ത്രണത്തിലും വിൽപന നടക്കുന്ന സ്റ്റാളുകളിലും സ്വദേശി യുവതീയുവാക്കളുടെ വർധിച്ച സാന്നിധ്യം ഈ വർഷത്തെ പ്രത്യേകതയാണ്.
പല സ്റ്റാളുകളും സ്വദേശിയുവതികളുടെ നിയന്ത്രണത്തിലാണ്. രാജ്യത്തെ പ്രശസ്തരായ കമ്പനികളുമായി സഹകരിച്ചാണ് മേള സംഘാടകർ വർണാഭമാക്കുന്നത്. പൂക്കളെക്കുറിച്ചും ചെടികളെക്കുറിച്ചും കാർഷികരംഗത്തെ നൂതനാശയങ്ങളെക്കുറിച്ചും അവബോധം നൽകാനും സൗദി യുവതീയുവാക്കൾ സ്റ്റാളുകളിൽ സജീവമാണ്. താൽകാലികമാണെങ്കിലും സൗദി യുവജനങ്ങൾക്ക് ധാരാളം തൊഴിലവസരം മേളയിൽ ലഭിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.