യാംബു പുഷ്പോത്സവം ഫെബ്രുവരി 15 മുതൽ
text_fields
യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും പുഷ്പോത്സവമെത്തുന്നു. പുഷ്പവൈവിധ്യത്താൽ വിസ്മയം തീർക്കുന്ന 14ാമത് മേള ഫെബ്രുവരി 15ന് ആരംഭിക്കുമെന്ന് യാംബു റോയൽ കമീഷൻ അറിയിച്ചു. ഒരുക്കം ആരംഭിച്ചതിെൻറ വിവരങ്ങളും ചിത്രവും റോയൽ കമീഷൻ ‘എക്സ്’ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചു. 2019ലാണ് യാംബുവിൽ അവസാനമായി പുഷ്പമേള നടന്നത്. കോവിഡ് പ്രതിസന്ധിയിൽ മുടങ്ങിയ മേള നാലു വർഷങ്ങൾക്കുശേഷമാണ് വീണ്ടും എത്തുന്നത്.
മേളയിൽ പ്രദർശിപ്പിക്കാൻ വർണവൈവിധ്യമുള്ള പൂക്കൾ റോയൽ കമീഷന് കീഴിലെ പ്രത്യേക നഴ്സറികളിൽ നട്ടുവളർത്തിക്കൊണ്ടിരിക്കുന്നു. യാംബു-ജിദ്ദ ഹൈവേയോട് ചേർന്ന അൽ മുനാസബാത്ത് പാർക്കാണ് 14ാമത് പുഷ്പോത്സവത്തിന് വേദിയാവുന്നത്.
ഒരുക്കം പാർക്കിലും മറ്റും തകൃതിയായി പുരോഗമിക്കുകയാണ്. സന്ദർശകരെ വരവേൽക്കാൻ റോയൽ കമീഷനിലെ വഴിയോരങ്ങളും പാർക്കുകളും ഓഫിസ് അങ്കണങ്ങളും വിദ്യാലയങ്ങളും പൂക്കളാൽ അലങ്കരിച്ചുകൊണ്ടിരിക്കുകയാണ്. പുഷ്പനഗരിയിലേക്കുള്ള പാതയോരങ്ങളിൽ ഡിസൈൻ ചെയ്ത ചെടികളും നട്ടുപിടിപ്പിച്ച മരങ്ങളും നഗരിയുടെ അലങ്കാരക്കാഴ്ചയാണ്. ഉദ്യാന നിർമാണത്തിൽ വൈഭവമുള്ള യാംബു റോയൽ കമീഷനിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ സ്വകാര്യ കമ്പനികളുടെ കൂടി സഹകരണത്തോടെയാണ് പണികൾ സജീവമായി നടക്കുന്നത്. മേളയോടനുബന്ധിച്ച് കലാസാംസ്കാരിക ബോധവത്കരണ പരിപാടികളും വിവിധ സ്റ്റാളുകളും പ്രശസ്ത സ്ഥാപനങ്ങളുടെ പവിലിയനുകളും ഒരുക്കും.
കഴിഞ്ഞ പുഷ്പമേളയോടനുബന്ധിച്ച് നഗരിയിൽ ഒരുക്കിയിരുന്ന സ്ട്രോബെറി പാർക്ക്, റീ സൈക്കിൾ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസകേന്ദ്രങ്ങൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ എന്നിവ സന്ദർശകരെ ഏറെ ആകർഷിച്ചിരുന്നു. ഈ വർഷവും പുതുമയുള്ള പ്രത്യേകം പവിലിയനുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രശസ്തമായ മേളയായി യാംബു പുഷ്പോത്സവം മാറിക്കഴിഞ്ഞിട്ടുണ്ട്. പുഷ്പോത്സവം വീണ്ടും വന്നണയുമ്പോൾ സ്വദേശികളെ പോലെ വിദേശികളും വരവേൽക്കാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.