യാംബു പുഷ്പമേള; ഭാവിയിലെ ഡ്രൈവർമാരെ ഒരുക്കാൻ ‘ട്രാഫിക് സേഫ്റ്റി വില്ലേജ്’
text_fieldsയാംബു: 14ാമത് യാംബു പുഷ്പമേളയുടെ ഭാഗമായി കുട്ടികളിൽ റോഡ് സുരക്ഷാനിയമങ്ങളും രാജ്യസുരക്ഷ സംവിധാനങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കാൻ യാംബു റോയൽ കമീഷൻ റോഡ്സ് വകുപ്പ് ഒരുക്കിയ ‘ട്രാഫിക് സേഫ്റ്റി വില്ലേജ്’ ശ്രദ്ധേയമാകുന്നു.
ട്രാഫിക് നിയമം, റോഡ് സുരക്ഷ, ട്രോമാകെയർ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്നതിനും മുതിർന്നവർക്ക് വാഹനങ്ങളുടെ ഘടനയെയും സുരക്ഷ സംവിധാനങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കാനുമാണ് ‘ഗതാഗത സുരക്ഷാഗ്രാമം’ എന്ന പേരിൽ ആധുനിക സംവിധാനങ്ങളുമായി പവലിയൻ ഒരുക്കിയിരിക്കുന്നത്. മേളയിലെത്തുന്ന നൂറിലധികം കുട്ടികൾക്ക് പ്രതിദിനം ബോധവത്കരണ ക്ലാസ് നൽകുന്നുവെന്ന് പരിശീലകരായ സൗദി യുവതികൾ പറഞ്ഞു.
ട്രാഫിക് രംഗത്ത് പ്രത്യേകം പരിശീലനം ലഭിച്ച 15ഓളം സൗദി യുവതികളാണ് കുട്ടികൾക്ക് ഈ കേന്ദ്രത്തിൽ ബോധവത്കരണം നൽകുന്നത്.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കുട്ടികളെ സജ്ജരാക്കുന്നതിന് ഫയർ ആൻഡ് സേഫ്റ്റി, ആംബുലൻസ് വിഭാഗങ്ങളും രംഗത്തുണ്ട്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന ഏഴു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ‘അന ഖാഇദുൽ മുസ്തഖ്ബിൽ’ (ഞാൻ ഭാവി ഡ്രൈവറാണ്) എന്ന് രേഖപ്പെടുത്തിയ ‘ഡെമോ ലൈസൻസ് കാർഡ്’ നൽകുന്നുണ്ട്. ഇത് കുട്ടികൾക്ക് വലിയ പ്രചോദനമാകുന്നുണ്ടെന്ന് രക്ഷിതാവ് അസീം ഷാജഹാൻ തിരുവനന്തപുരം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ മകന് ‘ഡെമോ ലൈസൻസ്’ ലഭിച്ചു.
പുഷ്പമേളയിൽ സൗജന്യമായി എല്ലാ കുട്ടികൾക്കും ലഭിക്കുന്ന ഈ അവസരം പലരും അറിയാതെ പോകുന്നു. പേര് രജിസ്റ്റർ ചെയ്ത് ഗ്രൂപ്പുകളായി കുട്ടികളെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകിയ ശേഷം നിയമങ്ങൾ പാലിച്ച് പാർക്കിൽ സജ്ജമാക്കിയ പ്രത്യേക വാഹനം റോഡിലൂടെ ഓടിച്ച് വിജയകരമായി ടെസ്റ്റ് പൂർത്തിയാക്കിയ ശേഷമാണ് കാർഡ് നൽകുന്നത്.
ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, നിയമബോർഡുകൾ, ടിറ്റോർ ഡൈവേർഷനുകൾ, സീബ്ര ക്രോസിങ്, ഡെമോ പെട്രോൾ ബങ്ക്, എ.ടി.എം കൗണ്ടർ, ഫസ്റ്റ് എയ്ഡ് സെൻറർ തുടങ്ങിയവയും ഇവിടെ അതിനായി ഒരുക്കിയിട്ടുണ്ട്. യാംബു റോയൽ കമീഷൻ റോഡ്സ് വകുപ്പിന്റെ കീഴിൽ 30ഓളം സന്നദ്ധ പ്രവർത്തകരാണ് ടീമിലുള്ളത്.
ഗതാഗതവുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളെയും റോഡപകടങ്ങൾ ഉണ്ടാവുമ്പോഴും തീപിടിത്തമുണ്ടാവുമ്പോഴും പാലിക്കേണ്ടുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ പരിചയപ്പെടുത്താനും ‘ട്രാഫിക് സേഫ്റ്റി വില്ലേജ്’ ഉപയോഗപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.