മൂന്ന് ആഗോള നേട്ടങ്ങളുമായി യാംബു പുഷ്പമേള
text_fieldsയാംബു: നാലുവർഷത്തെ ഇടവേളക്ക് ശേഷം വീണ്ടുമെത്തിയ യാംബു പുഷ്പമേള വീണ്ടും ആഗോള ശ്രദ്ധനേടുന്നു. ലോകത്തെ ഏറ്റവും വലിയ പൂ പരവതാനി ഒരുക്കി നേരത്തെ രണ്ടു തവണ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ പുഷ്പമേള ഇത്തവണ മൂന്ന് ആഗോള നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. പൂക്കൾ കൊണ്ട് എഴുതിയ ‘സൽമാൻ’ എന്ന ഏറ്റവും വലിയ വാക്കാണ് അതിലൊന്ന്. സൗദി ഭരണാധികാരിയുടെ പേരിനെ സൂചിപ്പിക്കുന്ന, പൂക്കളാൽ കോർത്തിണക്കിയ ‘സൽമാൻ’ എന്ന വാക്ക് ലോകത്ത് പൂക്കൾ കൊണ്ട് എഴുതിയ ഏറ്റവും വലിയ വാക്കെന്ന റെക്കോർഡ് സ്വന്തമാക്കി. 19,474 ചുവന്ന റോസാപ്പൂക്കളാണ് ഇതിന് ഉപയോഗിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ടയെന്നതാണ് രണ്ടാമത്തെ നേട്ടം. വെള്ളയും ചുവപ്പും നിറങ്ങളിലെ 1,27,224 പെറ്റൂണിയ പൂക്കളാണ് ഇതിന് ഉപയോഗിച്ചത്.
നേട്ടങ്ങളുടെ കൂട്ടത്തിൽ മൂന്നാമത്തേത് പുനരുപയോഗക്ഷമമായ വസ്തുക്കളാൽ നിർമിച്ച ഏറ്റവും വലിയ റോക്കറ്റിന്റെ മാതൃകയാണ്. റീസൈക്കിൾ ചെയ്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ഈ കൂറ്റൻ റോക്കറ്റിന്റെ നിർമിതി. സുസ്ഥിരതക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള പുഷ്പമേളയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഈ അതുല്യ ശിൽപം മരം, പ്ലാസ്റ്റിക്, അലുമിനിയം, ഇരുമ്പ് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് പരിസ്ഥിതി വകുപ്പാണ് നിർമിച്ചത്. ലോകത്തിലെ ഏറ്റവും വലിയ തിളങ്ങുന്ന പൂന്തോട്ടവുമായി മറ്റൊരു സവിശേഷതയും ഇത്തവണത്തെ മേളക്കുണ്ട്. രണ്ടര ലക്ഷം പൂക്കൾകൊണ്ട് ഒരുക്കിയതാണ് ഇത്.
നൂതന ആശയങ്ങളും അതിശയകരമായ തയ്യാറെടുപ്പുകളും കൊണ്ട് ഓരോ വർഷവും യാംബു പുഷ്പമേള വേറിട്ട് നിൽക്കുന്നു. ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെ ഭാഗമായ യുവതിയുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും മേളക്ക് പിന്നിലുണ്ട്. യാംബു റോയൽ കമീഷെൻറ മേൽനോട്ടത്തിൽ വിവിധ സർക്കാർ വകുപ്പുകൾ ചേർന്നാണ് മേളയുടെ സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച മേള മാർച്ച് ഒമ്പത് വരെ 24 ദിവസമാണ്. മേള നഗരിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം പ്രവാസികളും വിവിധ കൂട്ടായ്‌മകളുടെയും പ്രവാസി സംഘടനകളുടെയും കീഴിൽ പ്രത്യേകം വാഹനങ്ങളിൽ മേള സന്ദർശിക്കാൻ എത്തിയിരുന്നു. 11.50 റിയാലാണ് പ്രവേശന ടിക്കറ്റ് ചാർജ്. https://yanbuflowerfestival.com.sa/en എന്ന സൈറ്റിൽ നിന്ന് ടിക്കറ്റ് എടുക്കാം. എല്ലാ ദിവസങ്ങളിലും മേള സന്ദർശിക്കാൻ ഒറ്റ തവണയെടുക്കുന്ന ടിക്കറ്റ് മതിയാകും. രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.