42െൻറ നിറവിൽ യാംബു ഇൻഡസ്ട്രിയൽ സിറ്റി
text_fieldsയാംബു: യാംബു വ്യാവസായിക നഗരത്തിന് 42 വയസ്സ്. ആധുനിക സൗദി അറേബ്യയുടെ നാലാമത്തെ ഭരണാധികാരി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽസഉൗദ് രാജാവ് നാലു പതിറ്റാണ്ട് മുമ്പാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വ്യവസായ നഗരമായ യാംബുവിന് ശിലാസ്ഥാപനം നടത്തിയത്.
അതിനുശേഷം ഓരോ വർഷവും വിവിധ വ്യവസായ പദ്ധതികൾ നടപ്പാക്കി വൻ കുതിച്ചുചാട്ടത്തിനാണ് യാംബു സാക്ഷ്യം വഹിച്ചത്. വലുതും ചെറുതുമായ 300ലധികം വ്യവസായശാലകൾ ഇവിടെയുണ്ട്. സ്വയം ഭരണാധികാരമുള്ള റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാൻബുവിെൻറ രൂപവത്കരണത്തിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽതന്നെ അറിയപ്പെടുന്ന വൻ വ്യവസായ കമ്പനികൾ ഇവിടെ എത്തിയത്. രാജ്യത്തെ ഭരണകൂടത്തിെൻറ പൂർണ പിന്തുണയോടെ റോയൽ കമീഷൻ സാരഥികളുടെ ബുദ്ധിപൂർവമായ ആസൂത്രണ പദ്ധതികളാണ് വ്യവസായ രംഗത്തെ വമ്പിച്ച മുന്നേറ്റത്തിന് വഴിവെച്ചത്. ഹിജ്റ 1399 ദുൽഹജ്ജ് 27നാണ് ആദ്യ നിർമാണ പദ്ധതിക്ക് തുടക്കം കുറിച്ചത്. പെട്രോളിയം വരുമാനത്തോടുള്ള ആശ്രയത്വം കുറക്കുന്നതിനും സമഗ്രമായ വികസന നവോത്ഥാനം കൈവരിക്കുന്നതിനും നഗരത്തിലെ വിവിധ പദ്ധതികളിലൂടെ കഴിഞ്ഞു.
നഗരത്തിെൻറ വികസനം, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, സുരക്ഷാസംവിധാനം തുടങ്ങിയവയുടെ ഗുണനിലവാരത്തിനുള്ള പല അംഗീകാരങ്ങളും ഇതിനകം കരസ്ഥമാക്കാൻ കഴിഞ്ഞു. വേൾഡ് കൗൺസിൽ ഫോർ സിറ്റി ഡാറ്റയുടെ ഐ.എസ്.ഒ 37120 പ്ലാറ്റിനം ലെവൽ അംഗീകാര സർട്ടിഫിക്കറ്റ് 2017ൽ നേടാനായത് അപൂർവ നേട്ടമായി വിലയിരുത്തുന്നു. ബഹുമുഖ പദ്ധതികളുടെ വികസനം ഇതിനകം നഗരത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതും രാജ്യത്തെ തന്നെ ആദ്യ സ്മാർട്ട് സിറ്റിയായി അംഗീകരിക്കപ്പെട്ടതും അഭിമാന നേട്ടമായി. എണ്ണമറ്റ വാണിജ്യ, സാമൂഹിക, വിനോദ കേന്ദ്രങ്ങൾ നിർമിച്ചതിനുപുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പള്ളികൾ, നിരവധി ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയും നഗരത്തിലുടനീളം വ്യാപിച്ചിരിക്കുന്നു.
ഐക്യ രാഷ്ട്രസഭയുടെയും മറ്റു അന്താരാഷ്ട്ര സംഘടനകളുടെയും ആഗോള പുരസ്കാരങ്ങൾ പലതും യാംബു വ്യാവസായിക നഗരിക്ക് നേടാനായതും സമീപകാലത്തെ മികവാർന്ന നേട്ടമാണ്. യാംബു റോയൽ കമീഷൻ വർഷം തോറും സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പുഷ്പമേള അന്താരാഷ്ട്ര തലത്തിൽതന്നെ ശ്രദ്ധ നേടിയതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന ഗിന്നസ് റെക്കോഡ് രണ്ടുതവണ യാംബു പുഷ്പോത്സവത്തിലെ പൂക്കളുടെ പരവതാനിക്ക് കിട്ടിയിരുന്നു. വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും നൂറുകണക്കിന് മലയാളികൾ ജോലി ചെയ്യുന്ന യാംബുവിെൻറ ഭൂപ്രകൃതിയും കേരളത്തിേൻറത് പോലെയായി തോന്നും.
നഗരത്തിലെ വഴിയോരങ്ങളിൽ ഇടതൂർന്നുനിൽക്കുന്ന തെങ്ങുകളുടെ ഹരിതാഭമായ കാഴ്ച കേരളീയരെ കായലോരങ്ങളുടെ ഗൃഹാതുര ഓർമകളിലേക്ക് കൊണ്ടെത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.