യാംബു വ്യവസായനഗരത്തിന് യുനെസ്കോയുടെ 'പഠനനഗരം' അംഗീകാരം
text_fieldsയാംബു: യാംബു വ്യവസായനഗരത്തെ 'പഠനനഗരം' ആയി യുനെസ്കോ അംഗീകരിച്ചു. ഇതോടെ ആഗോള പഠനനഗരങ്ങളുടെ ശൃംഖലയിൽ അംഗീകാരം ലഭിക്കുന്ന സൗദിയിലെ രണ്ടാമത്തെ നഗരമായി യംബുവിലെ വ്യവസായ നഗരം. ഇത് സൗദി അറേബ്യയുടെ വലിയ നേട്ടമായാണ് യാംബു റോയൽ കമീഷൻ കണക്കാക്കുന്നത്. 2020 സെപ്റ്റംബറിലാണ് ജുബൈൽ വ്യവസായ നഗരത്തിന് യുനെസ്കോയുടെ അംഗീകാരം ലഭിച്ചത്. പഠന നഗരസങ്കൽപത്തിന്റെ സ്വീകാര്യതയും പ്രയോഗവും യാംബു വ്യവസായിക നഗരത്തിന്റെ സ്ഥാനം വർധിപ്പിക്കുന്നുവെന്ന് യാംബു റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് അൽഖുറൈശി പറഞ്ഞു.
ഇത് സുസ്ഥിര വികസനത്തിനും സാമ്പത്തിക, സാംസ്കാരിക, സാമൂഹിക അഭിവൃദ്ധിക്കും സഹായിക്കുമെന്നും സി.ഇ.ഒ സൂചിപ്പിച്ചു. എല്ലാ തലങ്ങളിലുമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളിലും സമൂഹങ്ങളിലും പഠിക്കാനുള്ള ആഗ്രഹം പുനരുജ്ജീവിപ്പിക്കുക, തൊഴിൽ അന്തരീക്ഷത്തിൽ വിദ്യാഭ്യാസപ്രക്രിയ സുഗമമാക്കുക, ആധുനിക വിദ്യാഭ്യാസ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക, വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരവും മികവും വർധിപ്പിക്കുക, ആജീവനാന്ത പഠനസംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന നഗരത്തെയാണ് യുനെസ്കോ പഠന നഗരമെന്ന് നിർവചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.