യാംബുവിൽ മുനിസിപ്പാലിറ്റി പരിശോധന സജീവം: ശുചിത്വക്കുറവ് കണ്ടെത്തിയ ആറ് ഭക്ഷണശാലകൾ അടപ്പിച്ചു
text_fieldsയാംബു: യാംബു മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന സജീവം. പ്രദേശത്തെ വിവിധ ഹോട്ടലുകളിലും ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ സുരക്ഷാ നിയമങ്ങളിൽ വീഴ്ച വരുത്തിയ ആറ് ഭക്ഷണ വിതരണശാലകൾ അടപ്പിച്ചു.
13 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഭക്ഷണശാലകളിലെ അടുക്കളയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആരോഗ്യ സംരക്ഷണ നിയമങ്ങൾ അവഗണിച്ച് പാചകം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടത്. പാചകശാലയിലെ ശുചിത്വക്കുറവ്, ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുന്നതിലും പാചകം ചെയ്യുന്നതിലും പാലിക്കേണ്ടുന്ന നിയമ നടപടികളുടെ ലംഘനങ്ങൾ, ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നതിലെ വീഴ്ച, കോവിഡ് പ്രോട്ടോകോൾ പാലനത്തിലെ ലംഘനം എന്നിവയാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി സീൽ ചെയ്യാൻ ഹേതുവായതെന്ന് മുനിസിപ്പാലിറ്റി പുറത്തിറക്കിയ വാർത്തക്കുറിപ്പ് ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പിഴ ചുമത്തിയ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ പലർക്കും കാലാവധി തീരാത്ത ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്തതാണ് സ്ഥാപനങ്ങളിൽ ചിലതിന് താഴിടാൻ കാരണമായി പറയുന്നത്. കോവിഡ് പ്രോട്ടോകോൾ പാലനം സ്ഥാപനങ്ങൾ പൂർണമായും നടപ്പാക്കുന്നതും മുനിസിപ്പാലിറ്റി അധികൃതർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഭക്ഷണ, വാണിജ്യ സ്ഥാപനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ പ്രത്യേക സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് മുനിസിപ്പാലിറ്റി നേരത്തേ തുടക്കം കുറിച്ചിട്ടുണ്ട്.
ആരോഗ്യ, സുരക്ഷാ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ എടുക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഭീമമായ സംഖ്യ പിഴ അടക്കേണ്ടിവരുമെന്നും സ്ഥാപനങ്ങൾ നടത്തുന്നവർ ഏറെ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
പഴകിയതും വൃത്തിയില്ലാത്തതുമായ പാത്രങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതും മോശമായ പരിസരങ്ങളിൽ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ ശ്രദ്ധയിൽപെട്ടാൽ മുനിസിപ്പാലിറ്റിയുടെ എമർജൻസി നമ്പറായ 940ലേക്ക് വിളിച്ച് അറിയിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കാനും ബന്ധപ്പെട്ടവർ പ്രത്യേകം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.