യാമ്പു റോയൽ കമീഷനിലെ വാണിജ്യമേള ശ്രദ്ധേയമാകുന്നു
text_fieldsയാമ്പു: ‘നിങ്ങളുടെ ഉപകരണം സ്വന്തമാക്കുക’ എന്ന ശീർഷകത്തിൽ വ്യവസായ നഗരിയിലെ യാമ്പു ടെക്നിക്കൽ ഇൻസ്റ്റിറ്റ്യുട്ടിൽ നടന്നുവരുന്ന വാണിജ്യ വ്യവസായ പ്രദർശനം ശ്രദ്ധേയമാകുന്നു. കമീഷൻ സി. ഇ. ഒ ഡോ. അലാഅ ബിൻ അബ്ദുല്ല നസീഫ് ഉദ്‌ഘാടനം ചെയ്ത പ്രദർശനം ദിവസേന വൈകുന്നേരം അഞ്ച് മുതൽ രാത്രി 10 വരെയാണ്. ഒക്ടോബർ 12 വരെ പ്രദർശനം തുടരും.
യാമ്പുവിലും മറ്റും അറിയപ്പെടുന്ന പ്രമുഖസ്ഥാപനങ്ങളും കമ്പനികളുമാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. കാറുകൾ, ഇലക്ട്രിക്, ഇലക്ട്രോണിക്സ്, ഉപകരണങ്ങൾ വീട്ടുപകരണങ്ങൾ എന്നിവ മേളയിൽ പരിചയപ്പെടുത്തുന്നുണ്ട്. മെഡിക്കൽ ഉപകരണങ്ങളും ആരോഗ്യ സംരക്ഷണ വസ്തുക്കളും ഭിന്നശേഷിക്കാർക്കാവശ്യമായ ആധുനിക സാമഗ്രികളും പ്രദർശനത്തിനും വിൽപനക്കും ഒരുക്കിയിട്ടുണ്ട്. റോയൽ കമീഷൻ ജീവനക്കാർക്കായി തവണ വ്യവസ്ഥയിൽ സാധനങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്.
മേള ഉപയോഗപ്പെടുത്താൻ വിദേശികളടക്കം ധാരാളം പേർ സന്ദർശകരായുണ്ടെന്ന് സ്റ്റാൾ ജീവനക്കാരനായ മണ്ണാർക്കാട് സ്വദേശി ഫൈറൂസ് ജഹാൻ പറഞ്ഞു. യാമ്പു റോയൽ കമീഷനിലെ ‘കോളജ് ആൻറ് ഇൻസ്റ്റിറ്റ്യുട്ട്സ് സെക്ടർ’ ആണ് സംഘാടകർ. പ്രദർശനത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കും കുട്ടികൾക്കും മത്സരങ്ങളും കലാസാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി പ്രത്യേക പാർക്കും സംവിധാനങ്ങളും കൂടി നഗരിയിൽ ഒരുക്കിയതോടെ വൈകുന്നേരങ്ങളിൽഉത്സവ പ്രതീതിയാണിവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.