കുടുംബത്തിനും കുട്ടികൾക്കും മനം കുളിർപ്പിച്ച് യാംബുവിൽ ശീതകാല ഉത്സവം
text_fieldsയാംബു: റോയൽ കമീഷൻ സാമൂഹിക ക്ഷേമ വകുപ്പിെൻറ ആഭിമുഖ്യത്തിൽ ആർ.സിയിലെ അൽഫൈറൂസ് പാർക്കിൽ നടക്കുന്ന ശീതകാല ഉത്സവം സന്ദർശകരെ ആകർഷിക്കുന്നു. രാജ്യത്തെ ശൈത്യകാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി കുടുംബത്തിനും കുട്ടികൾക്കും ആസ്വദിക്കാനും ആനന്ദിക്കാനും കഴിയുന്ന വിധത്തിലാണ് വിൻറർ ഫെസ്റ്റിവെൽ ഒരുക്കിയിരിക്കുന്നത്. അഞ്ച് റിയാലിെൻറ പാസെടുത്ത് വേണം ഉത്സവ നഗരിയിൽ പ്രവേശിക്കാൻ.
ഏഴു വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. വിനോദം, കായികം, സാംസ്കാരികം, വിജ്ഞാനം എന്നിവ ഉൾപ്പെടുത്തി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടാണ് മേള ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വൈവിധ്യമാർന്ന ഉല്ലാസകേന്ദ്രങ്ങൾ പ്രധാന ആകർഷണമാണ്. വിവിധ ജീവികളുടെ ആകർഷണീയമായ മോഡലുകളും രൂപഭംഗിയും മേളയിലെ മുഖ്യ ആകർഷണങ്ങളാണ്. ജീവികളുടെ ശബ്ദങ്ങളും ചലനങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനിച്ചത് വേറിട്ട കാഴ്ചയൊരുക്കുന്നു.
വീട്ടിൽനിന്ന് തയാറാക്കിയ പാരമ്പര്യ ഭക്ഷണവിഭവങ്ങൾ വിൽപന നടത്തുന്ന സൗദി യുവതികളുടെ ഫുഡ് കോർട്ടുകളും മറ്റു വാണിജ്യ വ്യപാര സ്റ്റാളുകളും നഗരിയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ഫെസ്റ്റിവൽ രാത്രി 12 വരെ നീണ്ടുനിൽക്കും. ദിവസവും ഇശാ നമസ്കാര ശേഷം നടക്കുന്ന സ്വദേശി കലാകാരന്മാരുടെ വ്യത്യസ്തമായ സ്റ്റേജ് കലാപരിപാടികൾ വീക്ഷിക്കാൻ സ്വദേശി കുടുംബങ്ങളുടെ നിറസാന്നിധ്യമാണ്. നിരവധി സ്വകാര്യ സ്ഥാപനങ്ങളും വിദേശ കമ്പനികളും പങ്കാളിത്തം വഹിക്കുന്ന ഫെസ്റ്റിവൽ രണ്ടാഴ്ച നീണ്ടുനിൽക്കും.
പ്രവാസി കുടുംബങ്ങളും ശീതകാല സായാഹ്നം ചെലവഴിക്കാൻ ഫൈറൂസ് പാർക്കിൽ എത്തുന്നുണ്ട്. യാംബു റോയൽ കമീഷനിലെ വിനോദ വിശ്രമ മേഖലയിലെ പ്രമുഖമായ ഒരു ഉദ്യാനം കൂടിയാണിത്. സന്ദർശകർക്ക് ആനന്ദം നൽകുന്ന പ്രകൃതിരമണീയമായ പാർക്കിൽ പ്രത്യേക പാസും അല്ലാതെയുമുള്ള വിവിധ പവലിയനുകളും റൈഡുകളും വിശ്രമകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. നമസ്കരിക്കാനും അംഗശുചീകരണത്തിനും ഉള്ള സൗകര്യങ്ങളും പാർക്കിൽ തന്നെ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.