യാംബു ടൂറിസം വിപണന, വിനോദ മേള; സ്വദേശി കുടുംബങ്ങളുടെ പ്രവാഹം
text_fieldsയാംബു: ടൂറിസം ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യാംബുവിൽ നടക്കുന്ന വിപണന, വിനോദ മേളയിൽ സ്വദേശി കുടുംബങ്ങളുടെ വർധിച്ച ഒഴുക്ക്. യാംബു ടൗണിൽ നിന്ന് ഷറം ബീച്ചിനടുത്തുള്ള നോവോട്ടൽ ഹോട്ടലിനടുത്തുള്ള വിശാലമായ പ്രദേശത്താണ് മേള ഒരുക്കിയിരിക്കുന്നത്. വിശാലമായ ഫുഡ് കോർട്ടുകളും വ്യാപാര വിപണന പവലിയനുകളും സന്ദർശിക്കാൻ സ്വദേശി കുടുംബങ്ങളുടെ വർധിച്ച സാന്നിധ്യമാണിവിടെ. കുട്ടികൾക്കായി നഗരിയിൽ ഒരുക്കിയിരിക്കുന്ന വൈവിധ്യമാർന്ന ഉല്ലാസ സാമഗ്രികൾ ഉപയോഗപ്പെടുത്തി രാവുകൾ സജീവമാക്കാൻ ധാരാളം ആളുകളെത്തുന്നുണ്ട്. നഗരിയിലെ കുട്ടികളുടെ ഉല്ലാസ കേന്ദ്രങ്ങളിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രത്യേകം പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്.
'ഷോപ്പിങിനും വിനോദത്തിനുമുള്ള യാംബുവിന്റെ രാത്രി മേള' എന്ന അർഥമുള്ള ശീർഷകമാണ് നഗരിയിലെ കവാടത്തിൽ തന്നെ എഴുതിയിരിക്കുന്നത്. യാംബുവിലും മറ്റു പ്രസിദ്ധ കമ്പനികളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് അധികൃതർ ഉത്സവം ആകർഷണീയമാക്കിയിരിക്കുന്നത്. വിവിധ രാജ്യക്കാരുടെ പാരമ്പര്യ ഭക്ഷണങ്ങളുടെ രുചിയറിയാൻ മേളയിലെ ഫുഡ് കോർട്ടുകൾ സജീവമാണ്. പലചരക്കു സാധനങ്ങൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, വസ്ത്രങ്ങൾ, മധുര ഭക്ഷണങ്ങൾ തുടങ്ങിയ എല്ലാ സാധനങ്ങളും മേളയിൽ ഒരുക്കിയ വിവിധ സ്റ്റാളുകളിൽ വിൽപനക്കുണ്ട്. പവിലിയനുകളിലും വളന്റിയർ വിഭാഗത്തിലും സൗദി യുവതീ യുവാക്കളുടെ നിറഞ്ഞ സാന്നിധ്യം പ്രകടമാണ്. സാംസ്കാരിക പരിപാടികളും കുട്ടികളുടെ മത്സരങ്ങൾക്കുമായി നഗരിയുടെ മധ്യത്തിൽ സ്റ്റേജ് ഒരുക്കിയിരിക്കുന്നു. രാത്രിയിൽ നടക്കുന്ന പൈതൃക കലാ പരിപാടികളും കുട്ടികൾക്കായി പ്രത്യേകം ഒരുക്കുന്ന കലാപരിപാടികളും ആസ്വദിക്കാൻ വമ്പിച്ച ആവേശത്തോടെയാണ് സൗദി കുടുംബങ്ങന്ളെത്തുന്നത്.
ഭോജനശാലകളും ഉല്ലാസ സാമഗ്രികളും ഉപയോഗപ്പെടുത്തി രാവുകളെ ഉത്സവ പ്രതീതിയാക്കുകയാണ് സ്വദേശി കുടുംബങ്ങൾ. വീടുകങ്ങളിൽ നിന്ന് പുറത്തിറങ്ങുവാനും മാനസികാനുഭൂതി പകരാനും ടൂറിസം വിപണനമേളവഴി ലഭിക്കുന്ന അവസരം നിറഞ്ഞ സന്തോഷത്തോടെയാണ് സ്വദേശികൾ വരവേൽക്കുന്നത്. മേള ഈ മാസം അവസാനം വരെ തുടരുമെന്നറിയുന്നു. പ്രാദേശിക ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വിപണന മേഖലയിലേക്ക് സൗദി യുവതീ യുവാക്കളെ കൂടുതൽ ആകർഷിക്കാൻവേണ്ടിയുള്ള വിവിധ പദ്ധതികളാണ് ടൂറിസം ഡെവലപ്മെന്റ് കൗൺസിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടപ്പാക്കിവരുന്നത്. വാരാന്ത്യ അവധി ദിനങ്ങളിൽ മലയാളി സന്ദർശകരടക്കം നഗരി സന്ദർശിക്കാനെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.