വർണവിസ്മയ മേള; പുഷ്പമേളക്കായി അണിഞ്ഞൊരുങ്ങി യാംബു
text_fieldsയാംബു: 14ാമത് യാംബു പുഷ്പമേളക്ക് അണിഞ്ഞൊരുങ്ങി വ്യവസായ നഗരം. യാംബു - ജിദ്ദ ഹൈവേയോട് ചേർന്നുള്ള അൽ മുനാസബാത്ത് ഉദ്യാനത്തിലാണ് മേള. ഫെബ്രുവരി 15ന് തുടക്കം കുറിക്കുന്ന ‘ഫ്ലവേഴ്സ് ആൻഡ് ഗാർഡൻസ് ഫെസ്റ്റിവൽ 2024’ മാർച്ച് ഒമ്പത് വരെ നീളും. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാല് മുതൽ അർധരാത്രി 12.30 വരെയും പാസ് മുഖേനയാണ് സന്ദർശകർക്ക് പ്രവേശനം.
പൂക്കളുടെ വൈവിധ്യമാർന്ന പരവതാനി, സ്ട്രോബറി പാർക്ക്, പൂന്തോട്ട പരിപാലന സേവനങ്ങൾക്കുള്ള പ്രത്യേക പവിലിയനുകൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും വിവിധ പാർക്കുകൾ, പ്രാദേശിക ഉൽപന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ, വിവിധ ഭക്ഷ്യവിഭവങ്ങളുടെ അപൂർവ ശേഖരങ്ങളുമായി ഫുഡ് കോർട്ടുകൾ, കലാസംഘങ്ങളുടെ ആഭിമുഖ്യത്തിൽ സ്റ്റേജ് പ്രകടനങ്ങൾ, കുട്ടികളുടെ നാടകങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളാണ് മേളയുടെ ഭാഗമായി ഒരുക്കുന്നത്. ഉദ്യാന നിർമാണവിദഗ്ധരായ യാംബു റോയൽ കമീഷനിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ പാർക്കിലും പരിസരങ്ങളിലും പണികൾ പുരോഗമിക്കുകയാണ്.
മേള സംഘടിപ്പിക്കുന്നത് ജുബൈൽ ആൻഡ് യാംബു ഇൻഡസ്ട്രിയൽ സിറ്റി സർവിസസ് കമ്പനി (ജബീൻ) ആണ്. സൗദിയുടെ വിവിധഭാഗങ്ങളിൽനിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നും 10 ലക്ഷത്തിലധികം സന്ദർശകർ 2019ൽ നടന്ന മേള കാണാനെത്തിയിരുന്നു. പ്രകൃതി വിഭവങ്ങളോടും സസ്യങ്ങളോടും പൂക്കളോടും ഉണ്ടാവേണ്ട സ്നേഹം സമൂഹത്തിൽ വളർത്തിക്കൊണ്ടുവരുകയാണ് യാംബു പുഷ്പമേളകൊണ്ട് അധികൃതർ ലക്ഷ്യംവെക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി ഉൾപ്പെടെ നിരവധി ഗിന്നസ് വേൾഡ് റെക്കോഡുകൾ കഴിഞ്ഞ പതിപ്പുകളിൽ പുഷ്പമേള സ്വന്തമാക്കിയിരുന്നു.
2,000 ത്തിലധികം ആളുകളാണ് വളൻറിയർമാരായി പ്രവർത്തിക്കുന്നത്. സാംസ്കാരിക വിനോദമേഖലകളിലെ ‘സൗദി വിഷൻ 2030’ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് യാംബു പുഷ്പമേള രൂപകൽപന ചെയ്തിരിക്കുന്നതെന്ന് യാംബു റോയൽ കമീഷൻ സി.ഇ.ഒ എൻജി. അബ്ദുൽ ഹാദി അൽ ജുഹാനി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, പുനരുപയോഗം, പരിസ്ഥിതി സൗഹൃദം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നിയുള്ള വിവിധ പരിപാടികളും ബോധവത്കരണ ശിൽപശാലകളും ഈ വർഷത്തെ മേളയിൽ ഉണ്ടാവും.
പ്രാദേശിക കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ കൂടി പുഷ്പമേള അവസരം നൽകും.കോവിഡിന് ശേഷം നാലുവർഷം കഴിഞ്ഞ് വീണ്ടുമെത്തുമ്പോൾ വമ്പിച്ച ആവേശത്തോടെയാണ് സ്വദേശികളെപോലെ വിദേശികളും സ്വീകരിക്കാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.