യാംബു പുഷ്പനഗരിയിലേക്ക് ജനമൊഴുകുന്നു സന്ദർശകരിൽ വൻ മലയാളി സാന്നിധ്യം
text_fieldsയാംബു: പൂക്കളുടെ അപൂർവ വസന്തോത്സവം നുകരാൻ യാംബുവിലേക്ക് ജനപ്രവാഹം. മൂന്ന് ആഗോളനേട്ടങ്ങൾ കൂടി ഈ വർഷത്തെ യാംബു പുഷ്പോത്സവം സ്വന്തമാക്കിയത് സന്ദർശകരുടെ എണ്ണം വർധിപ്പിക്കാനിടയായി. മലയാളി കൂട്ടായ്മകളുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ വാരാന്ത്യ അവധി ദിനങ്ങളിൽ ധാരാളം പേർ മേളയിലേക്കെത്തി. കോവിഡിൽ മുടങ്ങിയ മേള നാല് വർഷത്തിനു ശേഷമാണ് പുനരാരംഭിച്ചത്.
റോസ് പൂക്കൾ കൊണ്ട് എഴുതിയ ‘സൽമാൻ’ എന്ന ഏറ്റവും വലിയ വാക്ക്, ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പുനരുപയോഗിക്കാവുന്ന വസ്തുക്കളാൽ നിർമിച്ച ഏറ്റവും വലിയ ബഹിരാകാശ റോക്കറ്റിെൻറ മാതൃക എന്നിവയാണ് ഈ വർഷം ആഗോളതലത്തിൽ റെക്കോർഡ് നേടിയത്. മുൻ മേളകളിൽനിന്ന് വ്യത്യസ്തമായി ഈ വർഷം 11.50 റിയാലാണ് പ്രവേശന ടിക്കറ്റ് നിരക്ക്. ഒറ്റ ടിക്കറ്റ് കൊണ്ട് മേള എല്ലാ ദിവസവും സന്ദർശിക്കാൻ കഴിയുമെന്നത് ആളുകളെ ആകർഷിക്കുന്ന ഘടകമാണ്. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ വൈകീട്ട് നാല് മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ പുലർച്ചെ ഒന്ന് വരെയുമാണ് സന്ദർശനസമയം. ഈ മാസം 15ന് തുടങ്ങിയ മേളയിൽ ജിദ്ദ, മദീന, തബൂക്ക്, മക്ക, ത്വാഇഫ് എന്നിവിടങ്ങളിൽനിന്ന് മലയാളികുടുംബങ്ങളടക്കം വിനോദയാത്രാസംഘങ്ങൾ യാംബുവിലെത്തി. അൽ മുനാസബാത്ത് പാർക്കിലൊരുക്കിയ ‘ഫ്ലവർ ആൻഡ് ഗാർഡൻ ഫെസ്റ്റ്’ മാർച്ച് ഒമ്പത് വരെ നീളും.
പൂക്കളുടെ ഈ അപൂർവ സംഗമം ഒരു നോക്ക് കാണാനും പുഷ്പാലകൃതമായതും ചാരുതയേറിയതുമായ ഇടങ്ങളിൽ നിന്ന് ‘സെൽഫി’കളെടുക്കാനും സന്ദർശകരുടെ വമ്പിച്ച തിരക്ക് കാണാം. പുഷ്പോത്സവനഗരിയിലൊരുക്കിയ പൂച്ചെടികളും വിത്തും തൈകളുടെ വിൽപനയും നടക്കുന്ന പവലിയനുകളിലും തിരക്കാണ്. വിവിധ സ്റ്റാളുകളിൽ വിൽപന നടത്തുന്ന സ്വദേശി വനിതകളുടെ വർധിച്ച സാന്നിധ്യം ഈ വർഷത്തെ പ്രത്യേകതയാണ്. വിദേശ രാജ്യങ്ങളിലെ പ്രശസ്തരായ കമ്പനികളുമായി സഹകരിച്ചാണ് പുഷ്പമേള നടക്കുന്നത്. പുഷ്പോത്സവം കാണാനെത്തുന്നവർക്ക് ഹൈവേ ബീച്ച് റോഡിലെ പാർക്കും ഉല്ലാസം വിതറുന്നു. യാംബു തടാകവും ശറം ബീച്ചിലെ ബോട്ടിങ്ങും കടലിലെ കുളിയുമൊക്കെയായി ഒരു ദിനം ചെലവഴിക്കാനുള്ള അവസരവും യാംബുവിലെത്തുന്ന വിനോദ യാത്രാസംഘങ്ങൾക്കുണ്ട്. വിശാലമായ വാഹന പാർക്കിങ്, വിശ്രമ കേന്ദ്രങ്ങൾ, കുട്ടികൾക്ക് കളിസ്ഥലങ്ങൾ, ഉല്ലാസ കേന്ദ്രങ്ങൾ, വൈവിധ്യമാർന്ന ഫുഡ് കോർട്ടുകൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യങ്ങൾ എന്നിവയും നഗരിയിൽ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.