യാംബുവിൽ ഇനി മനസ്സ് നിറയും വർണക്കാഴ്ച
text_fieldsയാംബു പുഷ്പമേളക്കായി നഗരി ഒരുങ്ങിയപ്പോൾ
യാംബു: പൂക്കളുടെ വർണാഭമായ കാഴ്ച്കളൊരുക്കി 15ാമത് യാംബു പുഷ്പോത്സവത്തിന് ബുധനാഴ്ച തുടക്കമാകും. വൈകീട്ട് മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജുബൈൽ യാംബു റോയൽ കമീഷൻ ചെയർമാൻ എൻജി. ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിം, വിവിധ സർക്കാർ സ്വകാര്യ കമ്പനികളുടെ മേധാവികൾ, റോയൽ കമീഷൻ ഉന്നതർ തുടങ്ങിയവർ സംബന്ധിക്കും.
യാംബു-ജിദ്ദ ഹൈവേയോട് ചേർന്നുള്ള അൽ മുനാസബാത്ത് ഉദ്യാനത്തിലാണ് മേള. പൂക്കളുടെ അപൂർവവും മനസ്സ് നിറക്കുന്നതുമായ ദൃശ്യവിസ്മയത്തിനൊപ്പം പൂന്തോട്ട പരിപാലനം സംബന്ധിച്ചുള്ള പവിലിയനുകൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, റീ സൈക്കിൾ ഗാർഡൻ, പ്രാദേശിക ഉൽപന്നങ്ങളുടെ പ്രദർശനവിപണന മേള, ഫുഡ് കോർട്ടുകൾ, പ്രമുഖ കലാസംഘങ്ങൾ അവതരിപ്പിക്കുന്ന പരിപാടികൾ, കുട്ടികൾക്കായി വിവിധ പഠന ശില്പശാലകൾ തുടങ്ങി എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനുള്ളതെല്ലാം മേളയിലൊരുങ്ങിയിട്ടുണ്ട്.
വിശ്രമ കേന്ദ്രങ്ങൾ, നമസ്കാര സ്ഥലം, വിശാലമായ വാഹന പാർക്കിങ് എന്നിവയും ഒരുക്കിയിട്ടുണ്ട്. എപ്പോഴും സംഗീതം പൊഴിക്കുന്ന അന്തരീക്ഷവും പൂക്കളുടെ വർണശബളമായ കാഴ്ചകളും പൂക്കൾ കൊണ്ടൊരുക്കിയ വിസ്മയകരമായ പരവതാനികളും കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതാലങ്കാരങ്ങളും സന്ദർശകർക്ക് അവാച്യമായ അനുഭൂതി പകരും. മേള ഫെബ്രുവരി 27 വരെ നീണ്ടുനിൽക്കും. യാംബു റോയൽ കമീഷനും ജുബൈൽ ആൻഡ് യാംബു ഇൻഡസ്ട്രിയൽ സിറ്റി സർവിസസ് കമ്പനി (ജബീൻ)യുമാണ് സംഘാടകർ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും ധാരാളം ആളുകൾ പുഷ്പമേള കാണാൻ എത്താറുണ്ട്. ഇത്തവണയും വൻതോതിലുള്ള ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. പാസ് മുഖേനയാണ് പുഷ്പമേളയിലേക്ക് പ്രവേശനം. യാംബുവിലെത്തിയാൽ ഈ മേള മാത്രമല്ല, ചെങ്കടലിനോട് ചേർന്നുള്ള വാട്ടർ ഫ്രണ്ട് പാർക്ക്, മനുഷ്യനിർമിത ‘നൗറസ് ദ്വീപ്’, യാംബു തടാകം, ബോട്ട് സവാരി, ഹെരിറ്റേജ് പാർക്ക് തുടങ്ങിയവയുടെ അനുഭവങ്ങളും ആസ്വദിക്കാനാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.