യാംബു പുഷ്പമേളയിൽ കൗതുകം പകർന്ന് റീസൈക്കിൾ ഗാർഡൻ
text_fields15ാമത് യാംബു പുഷ്പമേളയിലെ റീസൈക്കിൾ ഗാർഡനിൽനിന്നുള്ള കരകൗശല കൗതുകങ്ങൾ
യാംബു: വർണ വൈവിധ്യങ്ങളും അപൂർവ കാഴ്ചകളുമൊരുക്കി 15ാമത് യാംബു പുഷ്പമേളയിലെ റീസൈക്കിൾ ഗാർഡനിലെ കരകൗശല കൗതുകങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു.
റോയൽ കമീഷൻ സാനിറ്ററി വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഈ വിശാലമായ പവിലിയനിൽ പാഴ്വസ്തുക്കളിൽനിന്ന് പുനരുൽപാദനം നടത്തിയുള്ള വൈവിധ്യങ്ങൾ നിറഞ്ഞ കരകൗശലവസ്തുക്കൾ ഏറെ ശ്രദ്ധേയമാണ്.
ഉപയോഗശൂന്യമായി ഒഴിവാക്കുന്നതോ നശിപ്പിക്കുന്നതോ ആയ എന്തും പുനരുൽപാദന പ്രക്രിയയിലൂടെ എങ്ങനെ പ്രയോജനകരമായ വസ്തുവോ ആകർഷണീയമായ ഡെക്കറേഷൻ സാധനമായോ കളിപ്പാട്ടങ്ങളായോ ജീവജാലങ്ങളുടെ വിവിധ രൂപങ്ങളായോ മാറ്റിയെടുക്കാമെന്ന് ഈ സ്റ്റാൾ ബോധ്യപ്പെടുത്തുന്നു.
വാഹനങ്ങളുടെ പഴയ ടയറുകൾ കൊണ്ടുണ്ടാക്കിയ വിവിധതരം മോഡലുകൾ, വിവിധ വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കിയ ജിറാഫ്, മാൻ, ഡോൾഫിൻ, ഫ്ലമിംഗോ തുടങ്ങിയ ജീവികളുടെ മോഡലുകൾ കൗതുകക്കാഴ്ചയാണ്.
ഉപയോഗശൂന്യമാണെന്ന് തോന്നുന്ന ബോട്ടിലുകൾ, പേപ്പർ, ഗ്ലാസ്, കുപ്പി, ഡിസ്പോസിബിൾ സാധനങ്ങൾ എന്നിവ റീസൈക്കിൾ സംവിധാനത്തിലൂടെ നിർമിച്ച മനോഹരമായ ഉൽപന്നങ്ങളുടെ ചാരുത കാണാൻ സന്ദർശകരുടെ നല്ല തിരക്കാണിവിടെ. യാംബുവിലെ മലയാളികളടക്കമുള്ള വിവിധ സ്കൂൾ വിദ്യാർഥികളുടെയും മറ്റും കരകൗശലവിരുതിൽ വിസ്മയം തീർത്ത ശിൽപങ്ങളുടെ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സന്ദർശകരുടെ വർധിച്ച പ്രോത്സാഹനവും വിദ്യാർഥികളുടെ നല്ല പങ്കാളിത്തവും ഈ വർഷത്തെ റീസൈക്കിൾ പവിലിയന് ലഭിച്ചതായി സംഘാടകർ പറഞ്ഞു. മുൻവർഷത്തേക്കാൾ ആകർഷണീയമായ വിവിധ പദ്ധതികൾ റീസൈക്കിൾ ഗാർഡനിൽ ഒരുക്കിയതും സന്ദർശകരെ ആകർഷിക്കുന്നതായി.
റീ സൈക്കിൾ പവിലിയന് സമീപം ‘സംസാരിക്കുന്ന മര’ത്തിന്റെ കാഴ്ചയൊരുക്കിയത് വിസ്മയകാഴ്ചയാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്.
പരിസ്ഥിതി ആഘാതം കുറക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുക്കൾ ‘റീസൈക്കിളിങ്’ വഴി പ്രയോജനപ്പെടുത്തുന്നതിനുമായി അവതരിപ്പിക്കുന്ന പുതിയ പദ്ധതിയുടെ വിവിധ ആശയങ്ങൾ ആവിഷ്കരിച്ചുവരുന്നതിന്റെ ഭാഗമായാണ് പുഷ്പമേളയിൽ വിപുലമായ രീതിയിൽ റീ സൈക്കിൾ ഗാർഡൻ ഒരുക്കിയത്.
വലിച്ചെറിയുന്ന കുപ്പികൾ, പേപ്പറുകൾ, പ്ലാസ്റ്റിക്, ഉപയോഗശൂന്യമായ വിവിധ വസ്തുക്കൾ എന്നിവ മാത്രമുപയോഗിച്ചാണ് സ്റ്റാളിലെ കരകൗശല നിർമാണങ്ങളത്രയും മനോഹരമാക്കിയിരിക്കുന്നത്. കുട്ടികൾക്ക് കരകൗശല നിർമാണത്തിലും ചിത്രരചനയിലും പരിശീലനം നൽകാൻ സൗദി യുവതികളുടെ സാന്നിധ്യവും ഈ പവിലിയനിൽ സജീവമാണ്. എല്ലാദിവസവും വൈകീട്ട് നാല് മുതൽ രാത്രി 12 വരെ 11.50 റിയാലിന്റെ ടിക്കറ്റെടുത്ത് ഫെബ്രുവരി 27 വരെ നീളുന്ന മേള കാണാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.