'മീഡിയവണ്ണി'ന് യാംബു മലയാളി അസോസിയേഷന്റെ ഐക്യദാർഢ്യം
text_fieldsയാംബു മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മീഡിയവൺ ഐക്യദാർഢ്യ സംഗമം സോജി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
യാംബു: സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നടത്തുന്ന നിയമപോരാട്ടത്തിന് യാംബു മലയാളി അസോസിയേഷന്റെ പിന്തുണ. യാംബു നോവ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ വിവിധ പ്രവാസി സംഘടനാ നേതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി. മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വേണ്ടി എല്ലാവരുടെയും യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ നാവരിഞ്ഞ് നിശ്ശബ്ദമാക്കാമെന്നത് ഫാഷിസ്റ്റുകളുടെ വ്യാമോഹമാണെന്നും ഇന്ത്യയുടെ മഹത്തായ ജനാധിപത്യ– മതേതര പാരമ്പര്യം തകർത്ത് ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങളെ ധീരമായി പ്രതിരോധിക്കാൻ വേണ്ടത് ചെയ്യുമെന്നും സംഗമം പ്രഖ്യാപിച്ചു. പ്രവാസി സാംസ്കാരിക വേദി യാംബു മേഖല പ്രസിഡന്റ് സോജി ജേക്കബ് ഉദ്ഘാടനം ചെയ്തു. യാംബു മലയാളി അസോസിയേഷൻ (വൈ.എം.എ) പ്രസിഡന്റ് സലീം വേങ്ങര അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ വിഷയാവതരണം നടത്തി. ശങ്കർ എളങ്കൂർ (ഒ.ഐ.സി.സി സൗദി നാഷനൽ പ്രസിഡന്റ്), മുസ്തഫ മൊറയൂർ (കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി രക്ഷാധികാരി), ഷാജി കാപ്പിൽ (പ്രിൻസിപ്പൽ, അൽ മനാർ ഇന്റർനാഷനൽ സ്കൂൾ), മുഹമ്മദലി മാസ്റ്റർ (പ്രിൻസിപ്പൽ, കെൻസ് ഇന്റർനാഷനൽ സ്കൂൾ), അസ്കർ വണ്ടൂർ (ഒ.ഐ.സി.സി), ശറഫുദ്ദീൻ പാലീരി (കെ.എം.സി.സി), ബിഹാസ് കരുവാരക്കുണ്ട് (നവോദയ), നിയാസ് പുത്തൂർ (യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), അബ്ദുറഷീദ് ഫറൂഖ് (ഐ.എഫ്.എഫ്), അലി കളിയാട്ടുമുക്ക് (ഐ.സി.എഫ്), അഷ്റഫ് മൗലവി കണ്ണൂർ (എസ്.ഐ.സി), നസിറുദ്ദീൻ ഇടുക്കി (പ്രവാസി സാംസ്കാരിക വേദി), സുഹൈബ് നായക്കൻ (സമ മെഡിക്കൽ കോംപ്ലക്സ്), നിയാസ് യൂസുഫ് (മീഡിയവൺ) എന്നിവർ സംസാരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട കൈയേറ്റം ജനാധിപത്യ ഇന്ത്യക്ക് അപമാനമാണെന്നും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നടപടിക്കെതിരെ ഒറ്റക്കെട്ടായ മുന്നേറ്റം വേണ്ടതുണ്ടെന്നും പ്രസംഗകർ അഭിപ്രായപ്പെട്ടു. വൈ.എം.എ ട്രഷറർ സിദ്ദീഖുൽ അക്ബർ സ്വാഗതവും നന്മ കൺവീനർ അജോ ജോർജ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.