ആവേശമായി യാരാ സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ്
text_fieldsറിയാദ്: യാരാ ഇന്റർനാഷനൽ സ്കൂൾ ആദ്യമായി സംഘടിപ്പിച്ച യാരാ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ് വിദ്യാർഥികൾക്ക് പുതിയ അനുഭവമായി. മൂന്ന് ദിവസങ്ങളിലായി സ്കൂളിൽ നടന്ന ക്യാമ്പിൽ 124 വിദ്യാർഥികൾ പങ്കെടുത്തു.
കുട്ടികളിലെ നേതൃപാടവം ഉയർത്തുക, ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള ആത്മവിശ്വാസം നിർമിക്കുക, പങ്കാളിത്ത പ്രവർത്തനങ്ങളിൽ ഭാഗമാക്കുക, കായികപരവും കലാപരവുമായ കഴിവുകൾ വളർത്തുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായിരുന്നു ക്യാമ്പ്.
ക്യാമ്പ് ഡയറക്ടർ ആസിമാ സലിം ആദ്യദിനം സ്കൗട്ട് ആൻഡ് ഗൈഡ്സ് പതാകയുയർത്തി ക്യാമ്പ് ആരംഭിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് സൗദി കമീഷണർ ഡോ. ഷമീർ ബാബു ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. അസി.ഓർഗനൈസിങ് കമീഷണർ റീമ, ക്യാമ്പ് ലീഡർ റിയാസ്, അസി.ക്യാമ്പ് ലീഡർ ഡാനിയൽ, ഗൈഡ് ക്യാപ്റ്റൻ രാജശ്രീ, സ്കൗട്ട് മാസ്റ്റർ സഹൽ, ക്വാട്ടർ മാസ്റ്റർ അഷ്ഫാഖ്, ഓവർ ഓൾ ഇൻ ചാർജ് ഷറാഫ് എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു.
സ്കൗട്ട് ആൻഡ് ഗൈഡ്സിനെ കുറിച്ച് പൊതുധാരണ ഉണ്ടാകുവാനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും പ്രവർത്തനാധിഷ്ഠിത ക്യാമ്പുകൊണ്ട് സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. പലതരത്തിലുള്ള കളികളും സാഹസിക പ്രവർത്തനങ്ങളും ക്യാമ്പിൽ സജ്ജീകരിച്ചിരുന്നു.
വടം വലി, ട്രഷർ ഹണ്ട് പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളിലെ കൂട്ടായ്മ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. കുട്ടികളിലെ മാനസിക കായിക വളർച്ചക്ക് ഒപ്പം പോഷക, വിഭവസമൃദ്ധമായ ഭക്ഷണവും നൽകി.
അവാർഡ് ചടങ്ങോടെ ക്യാമ്പ് അവസാനിച്ചു. സ്കൂൾ ചീഫ് പാട്രൻ ഹബീബ് റഹ്മാൻ സംസാരിച്ചു. നാഷനൽ ക്യാമ്പിൽ പങ്കെടുത്ത സ്കൗട്ട് ഡി. റോഷന് കമീഷണർ ഡോ. ഷമീർ ബാബു പ്രത്യേക അവാർഡ് സമ്മാനിച്ചു. പ്രവേശ് പരീക്ഷ പാസായ സ്കൗട്ട്-ഗൈഡ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും ബാഡ്ജും സമ്മാനിക്കുന്നതിനൊപ്പം പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.