യാരാ സ്കൂൾ ഓപൺ ഹൗസും സ്റ്റുഡന്റസ് ലീഡ് കോൺഫറൻസും
text_fieldsറിയാദ്: യാരാ ഇൻറർനാഷനൽ സ്കൂൾ ഓപൺ ഹൗസും സ്റ്റുഡൻറ്സ് ലീഡ് കോൺഫറൻസ് -2024 ഉം സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ സംഘടിപ്പിച്ച ഓപൺ ഹൗസിൽ വിദ്യാർഥികളും രക്ഷിതാക്കളും മാനേജ്മെൻറ് പ്രതിനിധികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു. ദ്വിരാഷ്ട്ര ദേശീയഗാനത്തോടെ ആരംഭിച്ച പരിപാടികൾ രക്ഷാധികാരി ഹബീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആസിമാ സലിം സംസാരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നാടകം, സംഘഗാനം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, ഷാഡോ തിയറ്റർ, കാവ്യശിൽപം, ഫ്യൂഷൻ ഡാൻസ്, വിവിധഭാഷകളിലുള്ള പ്രസംഗം, കവിതാലാപനം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.
ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, കമ്പ്യൂട്ടർ, ചിത്രരചന, വിവിധ സാഹിത്യ ക്ലബുകൾ, ലൈബ്രറി തുടങ്ങിയവയുടെ പ്രദർശനശാലകൾ സന്ദർശകരെ വിസ്മയിപ്പിച്ചു. മെഡിക്കൽ ക്യാമ്പ്, കരിയർ ഗൈഡൻസ് കോർണർ മുതലായവ ഏറെ ഉപകാരപ്രദമായിരുന്നു. സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ കായികാഭ്യാസങ്ങളും തൈക്വാൻഡോ, ബാഡ്മിൻറൺ, ക്രിക്കറ്റ്, ഫുട്ബാൾ എന്നിവയും പലഹാരങ്ങളുടെ കൊതിപ്പുരകളും ഏവരെയും ആവേശം കൊള്ളിച്ചു.
വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ‘സ്റ്റുഡൻറ്സ് ലീഡ് കോൺഫറൻസ് 2024’ അധ്യാപകരിലും രക്ഷിതാക്കളിലും ഏറെ കൗതുകമുണർത്തി. വിദ്യാർഥികൾ പ്രോജക്ടുകൾ, ആശയങ്ങൾ, മോഡലുകൾ മുതലായവ പ്രദർശിപ്പിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കളികൾ, ഫെയ്സ് പെയിൻറിങ്, മെഹന്ദി, ഫോട്ടോ ബൂത്ത്, ഭക്ഷ്യമേള എന്നിവയും ഉണ്ടായിരുന്നു. അഡ്മിൻ മാനേജർ അബ്ദുൽ ഖാദർ, വൈസ് പ്രിൻസിപ്പൽ ഷറഫ് അഹമ്മദ്, മിഡിൽ ലീഡർമാരായ റഹ്മാ അഫ്സൽ, ഷഹനാസ്, ലിയാഖത്ത്, സുധീർ അഹമ്മദ്, ഷാഹിദ് മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.