ഇന്ത്യ-സൗദി ബന്ധത്തിൽ നേട്ടങ്ങളുടെ വർഷം -ഇന്ത്യൻ അംബാസഡർ
text_fieldsദമ്മാം: ഇന്ത്യ- സൗദി ബന്ധത്തിൽ കൂടുതൽ ദൃഢതയും ഊഷ്മളതയും കൈവന്ന വർഷമാണ് കടന്നുപോകുന്നതെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. റിയാദിൽ എംബസി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ മറികടക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഏറെ സഹായമായെന്നും അദ്ദേഹം പറഞ്ഞു.
നയതന്ത്രതലത്തിലും പ്രതിരോധം, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ മറ്റു രംഗങ്ങളിലും പുതിയ ചുവടുവെപ്പുകൾ നടത്താനായി. സൗദിയിൽ കുടുങ്ങിപ്പോയ എട്ടുലക്ഷത്തോളം ആളുകളെ വന്ദേഭാത് മിഷൻ വഴി നാട്ടിലെത്തിക്കാൻ കഴിഞ്ഞു. ഡിസംബർ മുതൽ ഇന്ത്യയിൽനിന്നുള്ളവർക്ക് നേരിട്ട് സൗദിയിലെത്താനുള്ള വാതിലുകൾ തുറന്നിട്ടുണ്ട്. ജനുവരി ഒന്നുമുതൽ എയർ ബബ്ൾ കരാറും പ്രാബല്യത്തിലാവുകയാണ്. ഇതുപ്രകാരം ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാന സർവിസുകൾ ആരംഭിക്കാനും കൂടുതൽ പേർക്ക് തിരിച്ചെത്താനുമാകും.
കോവാക്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരം നേടിയെടുക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. കോവാക്സിൻ സൗദിയിൽ നിർമിക്കുന്നതിനുള്ള നിർദേശം സമർപ്പിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയിൽ സൗദി കിരീടാവകാശി ഇന്ത്യ സന്ദർശിക്കുകയും സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ ഉടമ്പടി ഒപ്പുവെക്കുകയും ചെയ്തതോടെ സൗദിയുടെ എട്ടു തന്ത്രപ്രധാന പങ്കാളികളിൽ ഒന്നായി ഇന്ത്യ മാറിയതായി അംബാസഡർ വിശദീകരിച്ചു. കോവിഡ് പ്രതിസന്ധികാലങ്ങളിൽ ഡിജിറ്റൽ മാർഗങ്ങളിലൂടെ ബന്ധം തുടരാൻ കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. അന്താരാഷ്ട്ര വേദികളിലെ തെരഞ്ഞെടുപ്പുകളിൽ ഇരുരാജ്യങ്ങൾക്കിടയിലും സമവായം രൂപപ്പെടുത്താനും ഇത് സഹായമായി.
പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും തമ്മിലുള്ള ടെലിഫോൺ സംഭാഷണങ്ങൾ തുടരുന്നത് ഈ ബന്ധങ്ങളെ കൂടുതൽ ദൃഢമുള്ളതാക്കി മാറ്റിയിരിക്കുന്നു. അന്താരാഷ്ട്ര കപ്പൽപാതകൾ സുഗമമാക്കുന്നതിൽ ഇരുരാജ്യങ്ങളും കൈകോർത്തതായും അംബാസഡർ പറഞ്ഞു. 2021ൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് കപ്പലുകൾ സൗദിയിൽ സന്ദർശനം നടത്തി. രാജ്യങ്ങൾ തമ്മിലുള്ള ആദ്യത്തെ ഉഭയകക്ഷി നാവിക അഭ്യാസം 'അൽ മൊഹെദ്-അൽ ഹിന്ദി' ആഗസ്റ്റിൽ ജുബൈലിൽ നടത്തി. ഇന്ത്യൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ സൗദിയിൽ സന്ദർശനം നടത്തി. 2021ലെ ആദ്യ ഒമ്പതു മാസങ്ങളിൽ ഇന്ത്യ സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി മാറി. അതോടൊപ്പം ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയായി ഉയരാൻ സൗദിക്കും കഴിഞ്ഞത് മികച്ച നേട്ടമാണ്.
പോയ വർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗദിയിൽ നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഇരുരാജ്യങ്ങൾക്കും കഴിഞ്ഞു. കൂടാതെ ഇന്ത്യ-സൗദി നയതന്ത്ര ബന്ധങ്ങളുടെ രൂപവത്കരണത്തിെൻറയും ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ യും 75-ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾ തുടരുകയാണ്. ബോളിവുഡിലെ പ്രശസ്തരായ കലാകാരന്മാർ സൗദിയുടെ പ്രാദേശിക സീസണുകളിലും റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പങ്കെടുത്തു.
സൗദി കായിക മന്ത്രാലയവും ഇന്ത്യയിലെ ആയുഷ് മന്ത്രാലയവും തമ്മിൽ യോഗയിൽ സഹകരിക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവച്ചു. ഇന്ത്യയിൽ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ മൂന്ന് ടുറിസം ഓഫിസുകൾ സൗദി തുറന്നിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഐ.ഐ.ടി ഡൽഹി പോലുള്ള മുൻനിര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ശാഖകൾ സൗദിയിൽ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അംബാസഡർ പറഞ്ഞു. ഇതോടൊപ്പം ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ, ജയിലിൽ കിടക്കുന്നവരുടെ പ്രശ്നങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ മികച്ച സഹകരണമാണ് സൗദി ഇന്ത്യക്ക് നൽകികൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.