യമൻ പ്രസിഡന്റ് അധികാരം കൗൺസിലിന് കൈമാറി
text_fieldsറിയാദ്: യമൻ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി അധികാരം പുതുതായി രൂപവത്കരിച്ച പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിലിന് കൈമാറി. ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ ഭരണനേതൃമാറ്റമുണ്ടായത്. ഇനി എട്ടംഗ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ആയിരിക്കും രാജ്യത്ത് ഭരണം നടത്തുക. പുതിയ ഭരണ സംവിധാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച സൗദി അറേബ്യ 300 കോടി ഡോളറിന്റെ അടിയന്തര സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഹൂതികളുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും നിര്‍ദേശം നൽകി.
നിയമാനുസൃത യമൻ രാഷ്ട്രത്തിന്റെ വീണ്ടെടുപ്പിനും ഭരണസ്ഥിരതക്കും സമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി നിലകൊള്ളുന്ന സൗദി നേതൃത്വത്തിലുള്ള ഗൾഫ്, അറബ് സഖ്യത്തിന്റെ അതിനിർണായകവും അപ്രതീക്ഷിതവുമായ ഇടപെടലാണ് ഈ ഗതിമാറ്റത്തിന് പിന്നിൽ. ചൊവ്വാഴ്ച ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി യമന്റെ പരിവർത്തന ഘട്ടം പൂർത്തീകരിക്കുന്നതിനാണ് കൗൺസിൽ സ്ഥാപിച്ചതെന്ന് വ്യക്തമാക്കി. വർഷങ്ങളായി രാജ്യത്തെ ബാധിച്ചിരിക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ പിന്തുണയുള്ള ഹൂതികളുമായി ചർച്ച നടത്താനുള്ള അധികാരം കൗൺസിലിന് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡൻറ് അലി മുഹ്സിൻ അൽ അഹ്മറിനെ തൽസ്ഥാനത്തുനിന്ന് നീക്കി പുതിയ കൗൺസിലിന് ആ ചുമതലകൾ നൽകി. റഷാദ് അൽ-അലിമിയുടെ നേതൃത്വത്തിലുള്ള എട്ടംഗ കൗൺസിലിന് രാഷ്ട്രീയ, സൈനിക, സുരക്ഷാ പരമായി രാജ്യത്തെ നിയന്ത്രിക്കാനുള്ള അധികാരമുണ്ട്. യമനിൽ ആഭ്യന്തര സംഘർഷമുണ്ടാകുന്ന കാലം വരെ പ്രസിഡന്റായിരുന്ന അലി അബ്ദുല്ല സാലിഹിന്റെ സർക്കാറിൽ ഉപപ്രധാനമന്ത്രിയും അതിന് മുമ്പ് ആഭ്യന്തരമന്ത്രിയുമായിരുന്നു റഷാദ് അൽ-അലിമി.
പ്രസിഡൻഷ്യൽ കൗൺസിലിന്റെ പിന്തുണക്കായി 50 അംഗ ഉപദേശകസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. ആവശ്യം വന്നാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ഈ കൗൺസിലിന് അധികാരമുണ്ടായിരിക്കുമെന്ന് വാർത്താ മന്ത്രി മുഅമ്മർ അൽഇരിയാനി വ്യക്തമാക്കി. 2014ൽ ഹൂതി സായുധ വിഭാഗം യമൻ ഭരണസിരാകേന്ദ്രം അധീനപ്പെടുത്തിയത് മുതൽ കഴിഞ്ഞ ഏഴുവർഷമായി യമൻ ജനത സൗദി അറേബ്യയുടെ സഹായത്തോടെ ശാശ്വത പരിഹാരത്തിനുള്ള മാർഗം തേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.