യെനെപോയ സർവകലാശാല ഗ്ലോബൽ അലുമ്നി മീറ്റ് ജിദ്ദയിൽ സംഘടിപ്പിച്ചു
text_fieldsജിദ്ദ: കർണാടകയിലെ മംഗളൂരുവിൽ പ്രവർത്തിക്കുന്ന യെനെപോയ സർവകലാശാല ഗ്ലോബൽ അലുമ്നി മീറ്റ് ജിദ്ദയിൽ സംഘടിപ്പിച്ചു. അലുമ്നി അസോസിയേഷൻ (യുവ) സൗദി ചാപ്റ്ററാണ് പരിപാടി സംഘടിപ്പിച്ചത്. ഗുലൈലിലെ ജിദ്ദ നാഷനൽ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയായിരുന്നു. സൗദിയിലെ പുതിയ വികസന മാറ്റങ്ങളിൽ യെനപോയ സർവകലാശാലക്ക് പങ്കാളിയാകാൻ കഴിഞ്ഞാൽ പ്രവാസി വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും റിയാദിൽ ഐ.ഐ.ടി കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും കോൺസുൽ ജനറൽ പറഞ്ഞു. യുവ സൗദി ചാപ്റ്റർ പൂർവവിദ്യാർഥി ഡയറക്‌ടറി കോൺസുൽ ജനറൽ ചടങ്ങിൽ പ്രകാശനം ചെയ്‌തു.
യെനെപോയ സർവകലാശാല ചാൻസിലർ ഡോ.വൈ. അബ്ദുല്ല കുഞ്ഞിയെ ചടങ്ങിൽ ആദരിച്ചു. പ്രവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷം പുനരുജ്ജീവിപ്പിക്കാൻ സൗദി അറേബ്യയിൽ സർവകലാശാലയുടെ അന്താരാഷ്ട്ര കാമ്പസ് സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡെന്റൽ കോളജ് ഡീൻ ഡോ. അക്തർ ഹുസൈൻ, ജിദ്ദ നാഷനൽ ആശുപത്രി ചെയർമാൻ വി.പി മുഹമ്മദ് അലി എന്നിവർ ആശംസകൾ നേർന്നു.
ഓർഗനൈസിങ് സെക്രട്ടറി ഡോ. ഫർഹീൻ താഹ, ഡോ. മുഹ്സിന, ഡോ. റാഷ, ഡോ. ഹർഷ, ഡോ. സബ്ന, ഡോ. ബഹീജ, ഡോ. സബ്രീന തുടങ്ങിയവർ വിവിധ സെഷനുകൾ കോഓഡിനേറ്റ് ചെയ്തു. യുവ സൗദി ചാപ്റ്റർ പ്രസിഡന്റ് ഡോ. മാസ്റ്റർ ലുഖ്മാൻ, കൺവീനർ ഡോ. മഹമൂദ് മൂത്തേടത്ത്, സെക്രട്ടറി ഡോ. ദിൽഷാദ്, സംഘാടക കമ്മിറ്റി വൈസ് ചെയർമാൻ ഡോ. മുശ്കാത്ത് മുഹമ്മദ് അലി, ട്രഷറർ ഡോ. ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
പൂർവ വിദ്യാർഥികളുടെ സംവേദനാത്മക ശാസ്ത്ര സെഷനുകളും പൂർവ വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്കാരിക വിനോദ പരിപാടികളും മീറ്റിന്റെ പ്രധാന ആകർഷണമായിരുന്നു. വിവിധ ആരോഗ്യ മേഖലകളിലെ ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങളും സഹകരണവും യുവയുടെ ശാസ്ത്ര കൗൺസിൽ ചർച്ച ചെയ്തു.
പൂർവ വിദ്യാർഥികൾക്കും കുട്ടികൾക്കും വേണ്ടിയുള്ള രസകരമായ വിവിധ പരിപാടികൾ മീറ്റിന്റെ ഭാഗമായി നടന്നു. 150 തോളം ഡോക്ടർമാർ വിവിധ മേഖലകളിൽനിന്ന് ഗ്ലോബൽ അലുമ്നി മീറ്റിൽ പങ്കെടുത്തു. ഡോക്ടർമാരുടെ വാശിയേറിയ വടംവലി മത്സരത്തോടെയാണ് മീറ്റ് അവസാനിച്ചത്. ഓർഗനൈസിങ് സെക്രട്ടറി ഡോ. ഫവാസ് പുള്ളിശ്ശേരി ചടങ്ങിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.