നഗരങ്ങളിൽ യോഗാകേന്ദ്രങ്ങൾ
text_fieldsജുബൈൽ: എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ നഗരങ്ങളിലും യോഗാകേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങി സൗദി യോഗ കമ്മിറ്റി. പുരാതന കല, ശാസ്ത്രം, കായികം എന്നിവയുടെ സംയോജനമായാണ് യോഗയെ കണക്കാക്കിയിരിക്കുന്നത്. യോഗ സ്പെഷലിസ്റ്റ് അക്കാദമികളും പരിശീലന സ്ഥാപനങ്ങളും സാർവത്രികമാക്കുകയാണ് ലക്ഷ്യം. സൗദി യോഗ കമ്മിറ്റി കായികമന്ത്രാലയവുമായി സഹകരിച്ച് അക്കാദമികളും ഇൻസ്റ്റിറ്റ്യൂട്ടുകളും ആരംഭിക്കുന്നതിന് ലൈസൻസ് നൽകാൻ 'നാഫെസ്' പ്ലാറ്റ്‌ഫോമിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സൗദിയുടെ എല്ലാ നഗരങ്ങളിലും യോഗ കേന്ദ്രങ്ങളുടെയും സ്റ്റുഡിയോകളുടെയും എണ്ണം വർധിപ്പിക്കുകവഴി യോഗയിലേക്ക് ആളുകളെ ആകർഷിക്കുക എളുപ്പമാണെന്ന് കമ്മിറ്റി കരുതുന്നു. അസീർ, അബഹ, തബൂക്ക്, ഹാഇൽ, മക്ക, മദീന, യാംബു, റാബിഖ്, അൽ-അഫ്‍ലാജ്, റിയാദ് എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ആരംഭിക്കും. യോഗ കായികപരിശീലനമായി പ്രോത്സാഹിപ്പിക്കുന്നതിന് കമ്മിറ്റി മറ്റ് ചില സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്.
സൗദി യോഗ കമ്മിറ്റിയിൽ യോഗാസന കളിക്കാരെ രജിസ്റ്റർ ചെയ്യുന്നതിനും കായികമന്ത്രാലയവുമായി സഹകരിച്ച് യോഗ പരിശീലകർക്കും അധ്യാപകർക്കും ലൈസൻസ് നൽകുന്നതിനും പുറമെ 'നാഫെസ്' പ്ലാറ്റ്‌ഫോമിൽ എല്ലാ യോഗപരിശീലകരെയും പങ്കെടുപ്പിച്ച് പ്രഫഷനൽ യോഗാസന മത്സരത്തിനും പദ്ധതിയിടുന്നുണ്ട്. ഏഷ്യൻ യോഗാസന സ്‌പോർട്‌സ് ഫെഡറേഷൻ, വേൾഡ് യോഗാസന സ്‌പോർട്‌സ് ഫെഡറേഷൻ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് സൗദി യോഗ കമ്മിറ്റിയുടെ പ്രവർത്തനം. പ്രാദേശിക, അന്തർദേശീയ ചാമ്പ്യൻഷിപ്പുകൾ നടത്താൻ യോഗ പ്രഫഷനലുകൾക്ക് മത്സരം ആരംഭിച്ചിട്ടുണ്ട്. ജൂൺ 21ന് ആരംഭിച്ച മത്സരം ജൂലൈ മൂന്നിന് സമാപിക്കും.
ഈ സംരംഭങ്ങൾക്ക് മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നതായി സൗദി യോഗ പ്രസിഡന്റ് നൗഫ് അൽ-മർവായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.